30.6 C
Kottayam
Thursday, April 18, 2024

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ അഞ്ചു നാൾ, കൊടും തണുപ്പിൽ മഴവെള്ളം കുടിച്ച് ജീവിതം,68 കാരിയുടെ അതിജീവന കുറിപ്പ് വൈറൽ

Must read

വാഷിംഗ്ടൺ: യുഎസ്സിലെ വാഷിംഗ്ടൺ(Washington) സ്റ്റേറ്റിൽ വാഹനാപകടത്തിൽ പെട്ട ഒരു സ്ത്രീ കാറിനുള്ളിലെ കൊടുംതണുപ്പിൽ അഞ്ച് ദിവസം ജീവനുവേണ്ടി മല്ലിട്ടു. 68 -കാരിയായ റിട്ടയേർഡ് നഴ്‌സ് ലിനൽ മക്ഫാർലാൻഡാ(Lynnell McFarland)ണ് കാറിനുള്ളിൽ മഴ വെള്ളം മാത്രം കുടിച്ച് അതിജീവിച്ചത്. അവർ വാഷിംഗ്ടണിലെ സ്പോക്കെയ്ൻ താഴ്വരയിലാണ് താമസിക്കുന്നത്. നവംബർ 18 -ന് സംഭവ നടന്ന ദിവസം തന്റെ ബന്ധുവിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അവർ. ചടങ്ങിന് ശേഷം, വീട്ടിലേക്ക് മടങ്ങും വഴി, അവരുടെ വാഹനം റോഡിലെ മഞ്ഞുപാളിയിൽ ഇടിച്ച് നിയന്ത്രണം വിട്ടു. തുടർന്ന്, ഹൈവേ -97 -ൽ നിന്ന് 100 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞു. തീർത്തും വിജനമായ മഞ്ഞുമൂടി കിടക്കുന്ന ഒരിടത്ത് രണ്ട് മരങ്ങൾക്കിടയിൽ അവരുടെ വാഹനം കുരുങ്ങിക്കിടന്നു.  

മഞ്ഞും ഇരുട്ടും മാത്രമായിരുന്നു ചുറ്റിലും. 2000 -ത്തിലെ മിത്സുബിഷി എക്ലിപ്സ് കാറായിരുന്നു അവരുടെ വാഹനം. വീഴ്ചയിൽ കാറിന്റെ പിൻഭാഗത്തേയ്ക്ക് അവർ തെറിച്ചു വീണു. കൈയിലെയും, കാൽമുട്ടിലെയും എല്ലുകൾക്ക് പൊട്ടലുണ്ടായി. അനങ്ങാൻ പോലും പറ്റാത്ത വിധം വേദനയുണ്ടായി. അവരുടെ ഫോണും വിന്റർ ബൂട്ടും വാട്ടർ ബോട്ടിലുമെല്ലാം കാറിന്റെ മുൻവശത്തായിരുന്നു.

അതുകൊണ്ട് ആരെയും വിളിച്ച് സഹായം തേടാൻ അവർക്കായില്ല. കാറിന്റെ പിൻഭാഗത്ത് കുടുങ്ങിയ അവർക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. അതേസമയം, ഏറെ നേരം കഴിഞ്ഞിട്ടും അമ്മയെ കാണാതായ മകൾ അമണ്ട മക്ഫാർലാൻഡ് അമ്മയുടെ ഫോണിൽ വിളിച്ചു. എന്നാൽ ഫോൺ സ്വച്ച് ഓഫായിരുന്നു. ഇതോടെ പരിഭ്രമിച്ച് പോയ അവൾ അമ്മയെ തിരക്കി ഇറങ്ങി. കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ പൊലീസിൽ പരാതി പെട്ടു. തുടർന്ന്, അപകടം നടന്ന അന്ന് തന്നെ പൊലീസ് അവിടമാകെ തിരച്ചിൽ നടത്തി. എന്നാൽ മരങ്ങളാൽ നിബിഡമായ പ്രദേശത്ത് കാർ കുടുങ്ങി കിടന്നതിനാൽ പൊലീസിന് കാർ കാണാൻ കഴിഞ്ഞില്ല. പൊലീസുകാരെ കണ്ട ലിനൽ ഉറക്കെ ഒച്ചവെച്ചെങ്കിലും, മരങ്ങൾക്ക് ഇടയിലായതുകൊണ്ട് അതാരും കേട്ടുമില്ല.

 

പിന്നീട് അങ്ങോട്ട് അവർക്ക് ദുരിത ദിനങ്ങളായിരുന്നു. തുടർച്ചയായ മഞ്ഞുവീഴ്ച കാരണം താപനില കുറഞ്ഞു വന്നു. ചുറ്റിലും മഞ്ഞ് വന്ന് മൂടി. കുടിക്കാൻ വെള്ളം ഇല്ല. കഴിക്കാൻ ആഹാരമില്ല. എല്ലുകൾ ഒടിഞ്ഞതിന്റെ വേദന കാരണം ഒന്ന് അനങ്ങാൻ പോലും സാധിക്കുന്നില്ല. പോരാതെ ചുറ്റുമുള്ള കൊടുംതണുപ്പിൽ ശരീരം മരവിക്കാനും തുടങ്ങി. എന്നിട്ടും പക്ഷെ അവർ അതിനെയെല്ലാം അതിജീവിച്ചു. ഒരു നേഴ്സ് എന്ന നിലയിലുളള അവരുടെ മെഡിക്കൽ അറിവ് അവർക്ക് പ്രയോജനം ചെയ്തു.

തണുപ്പിൽ കാറിലെ വസ്ത്രങ്ങളുടെയും പുതപ്പുകളുടെയും സഹായത്തോടെ സ്വയം ചൂട് പകരാൻ അവർ ശ്രമിച്ചു. മുറിവുകൾ പരിചരിച്ചു. ദാഹം അകറ്റാൻ കൈയിലുള്ള പ്ലാസ്റ്റിക് ബാഗിൽ മഴവെളളം സംഭരിച്ച് അത് കുടിച്ചു. ഇതിനിടയിൽ അമ്മയെ കാണാതായ മകൾ ഗോഫണ്ട്മീ കാമ്പെയ്‌നിൽ എന്ന പേരിൽ അമ്മയുടെ കാണാതായ വിവരങ്ങൾ കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടു.

 

അഞ്ചാം ദിവസമായപ്പോഴേക്കും ലിനലിന്റെ പ്രതീക്ഷ നഷ്ടപ്പെടാൻ തുടങ്ങി. എന്നാൽ ഭാഗ്യത്തിന് ഒരു ട്രാൻസ്‌പോർട്ടേഷൻ ടീം അവരെ കണ്ടെത്തി, കാറിൽ നിന്ന് പുറത്തെടുത്തു. അങ്ങനെ കാണാതായ അഞ്ച് ദിവസത്തിന് ശേഷം, ലിനലിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് തനിക്ക് നല്ല ദാഹമുണ്ടായിരുന്നെന്നും, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മൂന്ന് കുപ്പി വെള്ളം കുടിച്ചെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ മൂന്ന് ശസ്ത്രക്രിയകൾക്ക് അവരെ വിധേയയാക്കി. ഏതാനും ആഴ്ചകളുടെ ചികിത്സയ്ക്ക് ശേഷം ക്രിസ്മസിന് മുമ്പായി തന്നെ അവർ ആശുപത്രി വിടുകയും ചെയ്തു. 

എന്നാൽ, പിന്നീടാണ് തന്റെ അപകടത്തെ കുറിച്ചും, ആ അഞ്ച് ദിവസത്തെ അനുഭവത്തെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ അവർ വെളിപ്പെടുത്തിയത്. തന്റെ മാതാപിതാക്കളുടെ കരങ്ങൾ തനിക്ക് ചുറ്റും ഉണ്ടായിരുന്നതായി അനുഭവപ്പെട്ടുവെന്നാണ് അതിനെ കുറിച്ച് അവർ പറഞ്ഞത്. അവരുടെ അച്ഛൻ ആറ് മാസം മുമ്പാണ് മരിച്ചത്. വീട്ടിലെത്തിയ അവർ മകളോടൊപ്പം ക്രിസ്മസ് ദിനം അപ്പാർട്ട്മെന്റിൽ ചെലവഴിച്ചു. “എന്നെ കണ്ടെത്തിയത് ഒരു അത്ഭുതമായിരുന്നു. ഞാൻ അതിനെ ദൃഢനിശ്ചയം എന്ന് വിളിക്കുന്നു” അവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week