ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കി സ്‌കോട്ട്‌ലന്‍ഡ്! പദ്ധതിക്കായി മറ്റിവച്ചിരിക്കുന്നത് 86 കോടി രൂപ
എഡിന്‍ബര്‍ഗ്: ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി സ്‌കോട്ട്‌ലന്‍ഡ്. ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നതിനുള്ള പിരീഡ് പ്രൊഡക്ട്‌സ് ബില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കി. ഇതോടെ രാജ്യത്തെ സ്ത്രീകള്‍ക്കു സാനിറ്ററി ഉത്പന്നങ്ങള്‍ ഇനിമുതല്‍ സൗജന്യമായി ലഭിക്കും.
പൊതുസ്ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ലബുകളിലും ഫാര്‍മസികളിലും സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലുമെല്ലാം ഉത്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കും. 2019 എപ്രിലില്‍ സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെനനാണ് ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി ഉത്പന്നങ്ങള്‍ നല്‍കുന്ന പദ്ധതി ഇതിനോടകം നിലവിലുണ്ട്.
സ്ത്രീകള്‍ക്കു സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായും സ്‌കോട്ട്‌ലന്‍ഡ് ഇതോടെ മാറി. പദ്ധതിക്കായി 8.7 മില്യണ്‍ പൗണ്ടാണ് (ഏകദേശം 86 കോടി രൂപ) സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.