ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയാലും കൊവിഡ് രോഗവ്യാപനം തടയാന്‍ സ്‌കൂളുകളിലും ‘ഒറ്റ, ഇരട്ട’ അക്ക നിയന്ത്രണം നടപ്പാക്കാന്‍ സാദ്ധ്യത.ക്‌ളാസുകളില്‍ ഒരു സമയം 50 ശതമാനം കുട്ടികള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം. എന്‍സി ഇ ആര്‍ തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.
ഒരാഴ്ച അല്ലെങ്കില്‍ ഒരു ഷിഫ്റ്റില്‍ സ്‌കൂളിലെ പകുതി കുട്ടികളെ വരാന്‍ അനുവദിക്കുകയെന്നതാണ് പ്രധാന നിര്‍ദ്ദേശം. ബാക്കി കുട്ടികളെ അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസുകള്‍ വഴി പഠിപ്പിക്കാമെന്നും എന്‍.സി.ഇ ആര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലിരുന്ന് ചെയ്യേണ്ട പഠന പ്രവൃത്തികള്‍ എന്തൊക്കെയെന്നതിന് രൂപം നല്‍കും.
ഒന്ന് മുതല്‍ 12 വരെയുള്ള ക്‌ളാസുകളിലെ പഠനത്തിന് 12 ടിവി ചാനലുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനുള്ള പ്രത്യേക പാഠഭാഗങ്ങള്‍ എന്‍.സി. ഇ ആര്‍ തയ്യാറാക്കുമെന്നും ഡയറക്ടര്‍ ഋഷികേഷ് സേനാപതി പറഞ്ഞു.