ലക്‌നൗ: സ്‌കൂളിൽ കുട്ടികൾക്ക് ക്ലാസ് നടക്കുന്നതിനിടെ പാചകപ്പുരയിലിരുന്ന് ഫേഷ്യൽ ചെയ്യുന്ന പ്രധാനാദ്ധ്യാപികയുടെ വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. പ്രധാനാദ്ധ്യാപികയായ സംഗീത സിംഗാണ് സ്‌കൂൾ പ്രവൃത്തി സമയത്ത് ഫേഷ്യൽ ചെയ്‌തത്.
ബിഗാപൂർ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലാണ് പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വച്ച് ഫേഷ്യൽ ചെയ്യുന്നതിനിടെ മറ്റൊരു അദ്ധ്യാപികയായ അനം ഖാൻ ആണ് ഇതിന്റെ വീഡിയോ പകർത്തിയത്. വീഡിയോ എടുക്കുന്നത് കണ്ടതോടെ സംഗീത കസേരയിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം.
ശേഷം ക്ഷുഭിതയായ സംഗീത അനം ഖാനെ ഓടിച്ചിട്ട് പിടിച്ച് മർദിക്കുകയും കൈക്ക് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. കടിയേറ്റ അനം ഖാന്റെ കയ്യിൽ നിന്നും രക്തം വാർന്നു. കടിയേറ്റ പാടുകളുടെ വീഡിയോയും അദ്ധ്യാപിക പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയും വൈറലായിട്ടുണ്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധിപേരാണ് സംഗീതയ്‌ക്കെതിരെ മോശം കമന്റുകളുമായി രംഗത്തെത്തിയത്. ഇവർക്കെതിരെ അന്വേഷണത്തിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ബിഘപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. പ്രധാനാദ്ധ്യാപിക മർദിച്ചെന്ന അനം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബിഘപൂർ സർക്കിൾ ഇൻസ്‌പെക്‌ടർ മായാ റായ് പറഞ്ഞു.
ഇതിന് മുമ്പും യുപിയിലെ ഒരു അദ്ധ്യാപികയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. സഹപാഠികളെക്കൊണ്ട് അദ്ധ്യാപിക യു പി സ്‌കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ചതായിരുന്നു സംഭവം. ഉത്തർപ്രദേശിലെ മുസാഫർനഗറിലുളള ഒരു സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. കുട്ടികളോട് വീണ്ടും വീണ്ടും വിദ്യാർത്ഥിയെ അദ്ധ്യാപിക തല്ലാൻ ആവശ്യപ്പെടുകയും കുട്ടിയുടെ അരയിൽ അടിക്കാൻ പറയുകയും ചെയ്യുന്നുണ്ട്. കുട്ടി കണക്ക് പട്ടിക മനപാഠമാക്കാത്തതിനാലാണ് അദ്ധ്യാപിക സഹ വിദ്യർത്ഥികളോട് മർദിക്കാൻ ആവശ്യപ്പെട്ടത്.