യൂണിഫോം തയ്ച്ച് കിട്ടിയില്ല; പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്
ഭോപ്പാല്‍: യൂണിഫോം ധരിക്കാതെ എത്തിയ പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പിലിനെതിരെ കേസ്. മധ്യപ്രദേശിലെ മച്ചാല്‍പുര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം മാളവ്യയ്ക്കെതിരെയാണ് (50) കേസെടുത്തത്.
സ്‌കൂളുകള്‍ പെട്ടന്ന് തുറന്നതിനാല്‍ യൂണിഫോം തയ്ച്ച് കിട്ടിയില്ലെന്ന് കുട്ടികള്‍ പറഞ്ഞെങ്കിലും കോപാകുലനായ ഇയാള്‍ കുട്ടികളോട് ധരിച്ചിരിക്കുന്നവ അഴിച്ചുമാറ്റാന്‍ പറയുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ സ്‌കൂളിലെ ആണ്‍കുട്ടികളെ നശിപ്പിക്കുന്നു എന്ന് പറഞ്ഞാണ് രാധേശ്യാം കുട്ടികളോട് വസ്ത്രം മാറാന്‍ ആവശ്യപ്പെടുന്നത്.
പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാധേശ്യാമിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് മച്ചല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര അജ്നാരെ അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ മൊഴി തിങ്കളാഴ്ച കോടതിയില്‍ രേഖപ്പെടുത്തും.