FeaturedKeralaNews

സ്കൂൾ തുറക്കൽ കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി

ദില്ലി: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം, അറ്റന്റൻസിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അക്കാദമിക് കലണ്ടറിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചിരിക്കുന്ന ഉത്തരവിൽ സ്കൂളുകൾ തുറന്ന ശേഷം കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുതെന്നും വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും പറയുന്നുണ്ട്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കിൽ അതിന് തത്തുല്യമായ സാമ്പത്തിക സാമ്പത്തിക സഹായം സ്കൂളുകൾക്ക് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകൾ, ഇടവേളകൾ തുടങ്ങി എല്ലാ കാര്യങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊടുക്കണം. വീട്ടിലിരുന്ന് പഠിക്കുന്നവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നൽകാം. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ കുട്ടികളുടെയും പക്കൽ ടെക്സ്റ്റ്ബുക്കുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. സ്കൂളിലോ തൊട്ടടുത്തോ പ്രവർത്തി സമയത്ത് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നാൽ അതിന് വേണ്ട സൗകര്യം ഒരുക്കണം. കൃത്യമായ ഇടവേളകളിൽ വിദ്യാർത്ഥികളിലും അധ്യാപകരിലും മെഡിക്കൽ ചെക്കപ്പ് നടത്തണം. സ്കൂൾ തുറക്കും മുൻപ് എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി എന്താണെന്ന് ചോദിച്ച് മനസിലാക്കണം.

അറ്റന്റൻസിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല. സിക്ക് ലീവിന്റെ കാര്യത്തിലും വ്യക്തത വരുത്തണം. രോഗബാധിതരായ വിദ്യാർത്ഥികളെയും അധ്യാപകരെയും വീട്ടിൽ ഇരിക്കാൻ പ്രോത്സാഹിപ്പിക്കണം. ഒരു കൊവിഡ് കേസുണ്ടെന്ന് തോന്നിയാൽ സർക്കാർ വ്യക്തമാക്കിയ പ്രോട്ടോക്കോൾ പ്രകാരം നടപടിയെടുക്കണം. വീടില്ലാത്ത, ഇതര സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ വന്ന വിദ്യാർത്ഥികൾ, ശാരീരികമായി അവശത അനുഭവിക്കുന്നവർ, കൊവിഡ് ബാധ സ്ഥിരീകരിച്ചവർ എന്നിവരുടെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker