കൊല്‍ക്കൊത്ത: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ലെഗ്ഗിങ്സ് അഴിച്ചു മാറ്റിയ സംഭവം വിവാദത്തില്‍. പശ്ചിമ ബംഗാളിലെ ബോല്‍പുറിലെ ബീര്‍ബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഡ്രസ്‌കോഡിന് ചേരുന്നതല്ലെന്ന് ആരോപിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി.
അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ലെഗ്ഗിങ്സാണ് നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവം നടന്നതിന്റെ പിറ്റേ ദിവസം രക്ഷിതാക്കളും ലോക്കല്‍ ഗാര്‍ഡിയന്‍സും സ്‌കൂളില്‍ ഒത്തു ചേരുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതോടെ നാട്ടുകാരും ഇവര്‍ക്കൊപ്പം കൂടി.
‘കാലാവസ്ഥ മാറിയതിനാല്‍ നല്ല തണുപ്പാണ്. പ്രത്യേകിച്ചും രാവിലെ അതുകൊണ്ട് തണുപ്പിനെ പ്രതിരോധിക്കാനാണ് കുട്ടികള്‍ ലെഗ്ഗിങ്സ് ധരിച്ച് സ്‌കൂളിലെത്തിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയെങ്കിലും അത് അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അവള്‍ ലെഗ്ഗിങ്സ് ധരിച്ചിട്ടില്ലെന്ന കാര്യം താന്‍ ശ്രദ്ധിച്ചതെന്നും അവളോടു കാര്യം തിരക്കിയപ്പോള്‍ ടീച്ചര്‍ ലെഗ്ഗിങ്സ് അഴിപ്പിച്ചുവെന്നാണ് അവള്‍ പറഞ്ഞതെന്നും രക്ഷിതാക്കളില്‍ ഒരാള്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പറയുന്നത് മറ്റൊന്നാണ്.’സ്‌കൂളിലെ ഡ്രസ്‌കോഡ് പാലിക്കാത്ത കുട്ടികളുടെ ലെഗ്ഗിങ്സ് ആണ് അഴിപ്പിച്ചത്. സ്‌കൂളില്‍ അഡ്മിഷനെടുക്കുന്ന സമയത്തു തന്നെ യൂണിഫോമിനെക്കുറിച്ചും, ഡ്രസ്‌കോഡിനെക്കുറിച്ചുമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കാറുണ്ട്’. അധികൃതര്‍ പറയുന്നു.