തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.
പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം അന്ന് പറഞ്ഞിരുന്നത്.