ചെന്നൈ: പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കല്ലാക്കുറിച്ചിയിൽ വൻ പ്രതിഷേധം. പ്രതിഷേധക്കാരായ വിദ്യാർഥികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസ് വാഹനവും സ്കൂളിലെ ചില വാഹനങ്ങളും സമരക്കാർ അഗ്നിക്കിരയാക്കി. സ്കൂളിലെ നിരവധി ബസുകൾ അടിച്ചുതകർത്തു. ചില ബസുകൾ ട്രാക്ടർ ഉപയോഗിച്ചാണ് തകർത്തത്. ബസുകൾ മറിച്ചിടുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും സംഘർഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. ആക്രമണത്തിൽ ഒട്ടേറെ പോലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. പ്രതിഷേധക്കാരിൽ വിദ്യാർഥികൾ മാത്രമല്ല മറ്റു നാട്ടുകാരും ഉൾപ്പെടുന്നതായും വിവരങ്ങളുണ്ട്.
കല്ലാക്കുറിച്ചി ചിന്നസേലത്തെ ശക്തി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ ബുധനാഴ്ച രാവിലെയാണ് ഹോസ്റ്റൽ വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കിയെന്നാണ് പോലീസ് നൽകുന്നവിവരം. വിദ്യാർഥിനിയുടെ ബാഗിൽനിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
கள்ளக்குறிச்சி பிளஸ் 2 மாணவி மர்ம மரணம் : தனியார் பள்ளியை கண்டித்து பள்ளி வாகனங்கள் உடைத்து நொறுக்கப்படும் காட்சி !#Kallakurichi #Srimathi #justiceforsrimathi pic.twitter.com/JsZsZFWd27
— Arun Journalist (@arunbignews) July 17, 2022
സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചെന്നുമാണ് വിദ്യാർഥിനിയുടെ കുറിപ്പിലുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ മുന്നിൽവെച്ച് നേരിട്ട അവഹേളനം ഏറെ വിഷമിപ്പിച്ചു. മാതാപിതാക്കളും സുഹൃത്തുക്കളും ക്ഷമിക്കണം. സ്കൂൾ മാനേജ്മെന്റ് നേരത്തെ വാങ്ങിയ തന്റെ ട്യൂഷൻ ഫീസ് മാതാപിതാക്കൾക്ക് തിരികെ നൽകണമെന്നും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കഴിഞ്ഞദിവസം വിദ്യാർഥിനിയുടെ നാട്ടിൽനിന്നെത്തിയവരും ബന്ധുക്കളും കല്ലാക്കുറിച്ചിയിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആരോപണവിധേയരായ അധ്യാപകർക്കെതിരേ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞദിവസങ്ങളിൽ നൂറുകണക്കിന് നാട്ടുകാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി കല്ലാക്കുറിച്ചിയിൽ റോഡ് ഉപരോധിച്ചത്.
സംഭവത്തിൽ നടപടി സ്വീകരിക്കാതെ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സ്കൂളിലേക്ക് വന്ന അധ്യാപകരെ തടയാനും ശ്രമമുണ്ടായി. ഇതേത്തുടർന്ന് സ്കൂളിന് പുറത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം ഉടലെടുത്തത്.
https://twitter.com/Ashwin0555/status/1548559541394358272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1548559541394358272%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-24293216091337696821.ampproject.net%2F2206221455000%2Fframe.html