സേലം: 200 പിന്‍വലിക്കാനെത്തുന്നവര്‍ക്ക് പകരം 500 രൂപ നല്‍കി എസ്.ബി.ഐ എടിഎം. സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് അബദ്ധം സംഭവിച്ചത്. വിവരം അറിഞ്ഞ് ജനങ്ങള്‍ എടിഎമ്മില്‍ തടിച്ചുകൂടിയതോടെ അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ തത്കാലത്തേയ്ക്ക് എടിഎം അടച്ചിട്ടു.
200 രൂപ ചോദിച്ച ഇടപാടുകാര്‍ക്ക് 500 രൂപയാണ് എടിഎം മെഷീനില്‍ നിന്ന് ലഭിച്ചത്. സംഭവം അറിഞ്ഞ് നിരവധിപ്പേരാണ് എടിഎമ്മില്‍ തടിച്ചുകൂടിയത്. നിരവധിപ്പേര്‍ക്ക് ഇത്തരത്തില്‍ പണം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 700 രൂപ ആവശ്യപ്പെട്ട ആള്‍ക്ക് ആയിരം രൂപയാണ് ലഭിച്ചത്. എന്നാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റായതായി കാണിച്ചിരിക്കുന്നത് 700 രൂപയാണ്.
സംഭവം അറിഞ്ഞ് എസ്ബിഐ അധികൃതര്‍ എടിഎം പരിശോധിക്കുകയും തത്കാലത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. പണം നിറയ്ക്കുന്ന സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എടിഎം മെഷീനിലെ 200ന്റെ ബോക്സില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അക്കൗണ്ടുകള്‍ പരിശോധിച്ചശേഷം നഷ്ടപ്പെട്ട പണം ഉപഭോക്താക്കളില്‍ നിന്നും വീണ്ടെടുക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.