FootballNewsSports

നെയ്മര്‍ മാത്രമല്ല ഇനിയും കരുത്തരെത്തും, പണക്കിലുക്കത്തില്‍ ലാ ലിഗയെ വെട്ടി സൗദി ലീഗ്,മുന്നിലുള്ളത് ഇവര്‍ മാത്രം

റിയാദ്: യൂറോപ്യന്‍ ക്ലബുകള്‍ക്ക് ഭീഷണിയായി സൗദി പ്രോ ലീഗ്. നെയ്‌റമെ സ്വന്തമാക്കിയതോടെ പണക്കരുത്തില്‍ സ്പാനിഷ് ലീഗിനെ മറികടന്നിരിക്കുകയാണ് സൗദി ലീഗ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് പ്രധാന താരങ്ങള്‍ സൗദി ലീഗിലേക്ക് ചേക്കേറുകയാണ്. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ക്ലബുകളില്‍ മിന്നി തിളങ്ങിയ നെയ്മറും ഫിര്‍മിനോയും മെഹറസും ബെന്‍സേമയും മാനേയുമെല്ലാം സൗദി ലീഗില്‍ എത്തിക്കഴിഞ്ഞു. 

 സൗദിയുടെ പണക്കരുത്തിനെ സൂക്ഷിക്കണമെന്ന പെപ് ഗാര്‍ഡിയോളയുടെ മുന്നറിയിപ്പ് ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകള്‍. ഈ സീസണില്‍ താരങ്ങളെ സ്വന്തമാക്കാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പണംമുടക്കിയ ലീഗുകളില്‍ സൗദി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. മെസിയും റൊണാള്‍ഡോയുമെല്ലാം കളിച്ചിരുന്ന സ്പാനിഷ് ലാ ലിഗയെ പിന്നിലാക്കിയാണ് സൗദി പ്രോ ലീഗ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നത്. കളിക്കാരെ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഇത്തവണയും പ്രീമിയര്‍ ലീഗാണ്. 

ഇറ്റാലിയന്‍ സെരി എ രണ്ടും ഫ്രഞ്ച് ലീഗ് വണ്‍ മൂന്നും ജര്‍മ്മന്‍ ബുണ്ടസ് ലിഗ നാലും സ്ഥാനത്ത്. അഞ്ചുവര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളില്‍ ഒന്നാവുകയാണ് സൗദി ഫുട്‌ബോളിന്റെ ലക്ഷ്യം. ഇതിനിടെയാണ്, ലിവര്‍പൂള്‍താരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറിയേക്കുമെന്ന വാര്‍ത്തുകള്‍ വന്നത്. സൗദി ക്ലബുകളുമായി ചര്‍ച്ച നടത്താന്‍ ഏജന്റിന് സലാ നിര്‍ദ്ദേശം നല്‍കിയെന്നുള്ള വാര്‍ത്തയാണ് പുതിയ ചര്‍ച്ചാവിഷയം. 

ഒരാഴ്ച്ച മുമ്പ് സലാ സൗദി പ്രോ ലീഗിലേക്ക് മാറിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഏജന്റ് റാമി അബ്ബാസ് നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ സാഹചര്യങ്ങള്‍ മാറി മറിഞ്ഞെന്ന് അറബ് – ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സിക്കെതിരെ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സലാ പ്ലയിംഗ് ഇലവനിലുണ്ടായിരുന്നു. എന്നാല്‍ 77-ാം മിനിറ്റില്‍ തിരിച്ചുവിളിച്ചു. ഇതില്‍ സലാ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷം ക്ലോപ്പും സലായും തമ്മിലുള്ള ബന്ധം വഷളായെന്നുമാണ് മാധ്യമങ്ങളിലെ സംസാരം. അല്‍ ഇത്തിഹാദ് ക്ലബിന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് സലായെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയതും അഭ്യൂഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

അതിനിടെ ലയണല്‍ മെസിയുടെ വരവോടെ അമേരിക്കന്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗിന്റെ മൂല്യവും കുത്തനെ ഉയരുകയാണ്.ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്സ് കപ്പില്‍ ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്റര്‍ മയാമി ഫൈനലില്‍ കടന്നിരുന്നു. ഇന്റര്‍ മയാമിക്കുവേണ്ടി തുടര്‍ച്ചയായ ആറാം മത്സരത്തിലും മെസി ഗോളടിച്ചപ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ എത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും മയാമി കാത്തുസൂക്ഷിച്ചു. മയാമി കുപ്പായത്തില്‍ മെസിയുടെ ഒമ്പതാം ഗോളാണ് ഇന്ന് ഫിലാഡല്‍ഫിയക്കെതിരെ പിറന്നത്. ഇതോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടവും മെസി ഉറപ്പിച്ചു.

ക്ലബ് ചരിത്രത്തിലെ തന്നെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇന്റര്‍ മയാമി ഫിലാഡല്‍ഫിയക്കെതിരെ മൂന്നാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ജോസഫ് മാര്‍ട്ടിനെസായിരുന്നു സ്‌കോറര്‍. 20ാം മിനിറ്റില്‍ മെസി മയാമിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൈതാന മധ്യത്തില്‍ നിന്ന് ജോസഫ് മാര്‍ട്ടിനെസ് നല്‍കി പാസ് സ്വീകരിച്ച മെസി സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോളിയെ ഒന്ന് നോക്കി തനിക്കു ചുറ്റുമുണ്ടായിരുന്ന മൂന്ന് ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി 35വാര അകലെ നിന്ന് നേരെ പോസ്റ്റിലേക്ക് നിലംപറ്റെ പന്ത് പായിച്ചു. ഇടത് ഭാഗത്തേക്ക് മുഴുനീള ഡൈവ് ചെയ്തിട്ടും ഫിലാഡല്‍ഫിയ ഗോള്‍ കീപ്പര്‍ക്ക് അത് വലയില്‍ കയറുന്നത് തടുക്കാനായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജോര്‍ഡി ആല്‍ബ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയില്‍ 73-ാം മിനിറ്റില്‍ അലജാന്ദ്രോ ബെഡോയയിലൂടെ ഫിലാഡല്‍ഫിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റില്‍ ഡേവിഡ് റൂയിസ് മയാമിയുടെ ഗോള്‍ പട്ടിക തികച്ച് നാലാം ഗോളും നേടിയതോടെ മേജര്‍ സോക്കര്‍ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഫിലാഡല്‍ഫിയ തോല്‍വി അറിഞ്ഞു. സീസണില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡല്‍ഫിയ.

ലീഗ്‌സ് കപ്പില്‍ ഫൈനലിലെത്തിയതോടെ അടുത്തവര്‍ഷം നടക്കുന്ന കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിനും ഇന്റര്‍ മയാമി യോഗ്യത നേടി. ഇതാദ്യമായാണ് കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് മയാമി യോഗ്യത നേടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker