Newspravasi

സ്പോൺസർ ഇല്ലാതെ സൗദിയിൽ തങ്ങാം, ജോലി ചെയ്യാം; 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് പ്രീമിയം ഇഖാമ

റിയാദ്: സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങൾ തുടങ്ങാനും അനുവദിക്കുന്ന പ്രീമിയം ഇഖാമ 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് ഒരുമിച്ച് വിതരണം ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് (മൻശആത്ത്) സംഘടിപ്പിച്ച ‘ബിബാൻ 24’ എന്ന ഇടത്തരം, ചെറുകിട വ്യവസായ സംരംഭകത്വ സമ്മേളനത്തിലാണ് സാമ്പത്തിക സാങ്കേതിക മേഖല, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ പ്രത്യേക രംഗങ്ങളിലെ 38 സംരംഭകർക്ക് ഇഖാമ വിതരണം ചെയ്തത്. 

പ്രീമിയം ഇഖാമ സെൻററാണ് ചടങ്ങിന് നേതൃത്വം നൽകിയത്. സംരംഭകത്വ മേഖലയെ ശാക്തീകരിക്കുക, ലോകമെമ്പാടുമുള്ള സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കുകയും നിലനിർത്തുകയും വൈവിധ്യപൂർണമായ സമ്പദ്‌ വ്യവസ്ഥയിലേക്ക് ആകർഷിക്കുകയും രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മികച്ച ആളുകളും നിക്ഷേപങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി സൗദി അറേബ്യയെ ഉയർത്താനുള്ള ദേശീയലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രീമിയം ഇഖാമ സെൻറർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വിജ്ഞാന കൈമാറ്റത്തിലൂടെയും ദേശീയ സമ്പദ്‌ വ്യവസ്ഥയെ ശാക്തീകരിക്കുന്നതും ലക്ഷ്യമാണ്.

സ്വദേശി സ്പോൺസർമാരില്ലാതെ വിദേശികൾക്ക് സൗദിയിൽ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങൾ നടത്താനും പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) സ്വാതന്ത്ര്യം നൽകുന്നു. 2019-ലാണ് ഇത് ആരംഭിച്ചത്. പ്രീമിയം ഇഖാമ ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക.

സൗദിയിൽ കുടുംബത്തോടൊപ്പമുള്ള താമസിക്കാം, വസ്തുക്കളും വീടുകളും വാണിജ്യ കെട്ടിടങ്ങളും വാങ്ങാം, ബന്ധുക്കളെ അതിഥികളായി കൊണ്ടുവരാം, ബിസിനസ് നടത്താം എന്നിവയാണ് സവിശേഷാനുകൂല്യങ്ങൾ. ഇത് കൂടാതെ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നിരവധി ആനുകൂല്യങ്ങൾ വേറെയും അതത് സന്ദർഭങ്ങളിൽ ലഭ്യമാകും.

റിയാദ് എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ‘അവസരങ്ങൾക്കായുള്ള ആഗോള ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിൽ നടന്ന ഇടത്തരം, ചെറുകിട വ്യവസായ സംരംഭകത്വ സമ്മേളനത്തിൽ 150 സ്ഥാപനങ്ങൾ പങ്കെടുത്തു. ഗുണഭോക്താക്കൾക്ക് വിവിധ സംരംഭങ്ങളും സേവനങ്ങളും നൽകുന്നതിനാണ് ഫോറം സംഘടിപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker