വെൽഫെയർ പാർട്ടി ബന്ധം ,ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടാക്കി, യു.ഡി.എഫിനെ തള്ളി കത്തോലിക്കാ സഭ
കൊച്ചി: വെൽഫെയർ പാർട്ടിയുമായി കോൺഗ്രസുണ്ടാക്കിയ ധാരണ ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലിന് കാരണമായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖമാസികയായ സത്യദീപത്തിന്‍റെ കുറ്റപ്പെടുത്തൽ. ന്യൂനപക്ഷ വോട്ടുകളിലെ ചുവട് മാറ്റം ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തൽ തെറ്റാണ്. ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ ഇടത് മുന്നണിയ്ക്കായെന്നും മുഖമാസിക വ്യക്തമാക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്കുണ്ടായ നേട്ടത്തെ പ്രകീർത്തിക്കുന്നതാണ് സത്യദീപത്തിന്‍റെ മുഖപ്രസംഗം. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വീകരിച്ച നിലപടുകളെ മുഖ പ്രസംഗത്തിൽ ശക്തമായി വിമർശിക്കുകയും ചെയ്യുന്നു. സാഹചര്യങ്ങൾ വോട്ടാക്കുന്നതിൽ സമാനതകളില്ലാത്ത വീഴ്ചയാണ് യുഡിഎഫിന് പറ്റിയത്. ക്രിസ്ത്യൻ വോട്ടുകളുടെ ചുവടുമാറ്റം അതിൽ പ്രധാനമാണെന്ന് മുഖ പ്രസംഗം വ്യക്തമാക്കുന്നു.
ലൗ ജിഹാദ് വിഷയത്തിലടക്കം സഭ നേരത്തെ തന്നെ നിലപാട് പരസ്യമാക്കിയിട്ടും, വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയത് മതനിരപേക്ഷമുഖം നഷ്ടമാകുന്നുവെന്ന് തോന്നൽ ക്രിസ്തീയ വിഭാഗത്തിലുണ്ടാക്കി. ഇത് പരമ്പരാഗത ക്രിസ്തീയ വോട്ടുകൾ ഐക്യമുന്നണിക്ക് നഷ്ടമാക്കി.
കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണ ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പികെ കുഞ്ഞാലിക്കുട്ടി ചുവട് മാറുമ്പോൾ യുഡിഎഫിന്‍റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂർണ്ണമാകുന്നുവെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.