KeralaNews

ഞാനാദ്യം..ഞാനാദ്യം..മൈക്കിനുവേണ്ടി വാശിപിടിച്ച് സതീശനും സുധാകരനും; വീഡിയോ വൈറൽ

കോട്ടയം: പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ മൈക്കിനുവേണ്ടി ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ പുറത്ത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം സംസാരിച്ചു തുടങ്ങുന്നതിനായി വി.ഡി. സതീശനും കെ. സുധാകരനും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ മാസം എട്ടാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

കോട്ടയം ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു തര്‍ക്കം. മാധ്യമപ്രവര്‍ത്തകരോട് താന്‍ സംസാരിച്ചുതുടങ്ങാമെന്ന് കെ. സുധാകരന്‍ പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. വി.ഡി സതീശന്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ അതൃപ്തിയോടെ സതീശൻ തന്റെ മുന്നിലിരുന്ന മൈക്കുകള്‍ സുധാകരന്റെ മുന്നിലേക്ക് നീക്കിവെക്കുന്നതും തനിക്ക് നേരെ നീട്ടിയ പൊന്നാട നിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. മൈക്കിനു വേണ്ടി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ വിശദീകരണവുമായി വി.ഡി. സതീശൻ. വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

താനും കെ.പി.സി.സി അധ്യക്ഷനും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ അത് ഡി.സി.സി ഓഫീസിൽ വച്ചായിരുന്നു. വലിയ ഭൂരിപക്ഷത്തിന് വിജയിച്ചു എന്ന് അറിഞ്ഞപ്പോൾ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് താൻ പത്രസമ്മേളനത്തിൽ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ അത് സമ്മതിച്ചില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button