NationalNewsPolitics

പത്രിക സമര്‍പ്പിച്ച് തരൂര്‍, എത്തിയത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ,’മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍’,

ന്യൂഡല്‍ഹികോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജാര്‍ഖണ്ഡ് നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ സ്ഥാനാർത്ഥികൾക്ക് പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണക്കുമെന്ന് എംകെ രാഘവൻ എംപി, കെഎസ് ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കെ.എസ്.ശബരീനാഥൻ. തരൂരിന്റെ നാമനിർദേശ പത്രികയിൽ ശബരീനാഥൻ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം  ആണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്‌കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ലെന്ന് ശബരീനാഥൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ശബരീനാഥന് നന്ദിയറിയിച്ച് ശശി തരൂർ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

ശബരീനാഥന്റെ കുറിപ്പ്

ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാർഹമാണ്. പാർട്ടിയുടെ തലപ്പത്തേക്ക് നെഹ്‌റു കുടുംബത്തിലെ ആരും തന്നെ ഇനിയില്ല എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞത് അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്നു. പുതിയ പാർട്ടി അധ്യക്ഷൻ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും എന്നാണ് വിശ്വാസം.

ഇനി ഇലക്‌ഷനിലേക്ക് വരുമ്പോൾ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.ശശി തരൂരിനെ പിന്തുണക്കാൻ ഞാൻ തീരുമാനിക്കുന്നത് ചില കാരണങ്ങൾ കൊണ്ടാണ്

1. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം (ideology) ആണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്‌കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം communicate ചെയ്യാൻ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു. 

2. നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം. 

3. ലോകത്തിൽ ഉണ്ടാകുന്ന സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഈ മാറ്റങ്ങൾ പാർട്ടി കൂടുതൽ ഉൾക്കൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തിൽ അപ്ഡേറ്റ് ചെയ്യുന്ന ഡോ.തരൂരിലൂടെ ഇത് സാധിക്കും. 

4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ ഒരിക്കലും അദ്ദേഹം പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാൽ പാർട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും അദ്ദേഹം 100% ഒരു കോൺഗ്രസുകാരനാണ്. 

5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അദേഹം കൂട്ടായ പരിശ്രമത്തിൽ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ മുഴുവൻ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവർത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളർത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവർക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു. 

ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളി പാർട്ടി അധ്യക്ഷനായത് 1897 ലാണ്. നൂറ്റിഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന്‌ അതൊരു അഭിമാനമാണ്. എന്നെപോലെ ഒരു എളിയ പ്രവർത്തകന് ഒരു മലയാളിയുടെ നോമിനേഷൻ ഫോമിൽ പിന്തുണച്ചു ഒപ്പിടാൻ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി ഞാൻ കരുതുന്നു.

ഇലക്‌ഷന്റെ  ജയപരാജയങ്ങൾക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്കാരം താഴെത്തട്ടിൽ വരെ കൊണ്ടുവരുവാൻ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കും. ആരു വിജയിച്ചാലും അത് പാർട്ടിക്ക് ഒരു മുതൽക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നൽകും. തരൂരിനും മറ്റു സ്ഥാനാർഥികൾക്കും വിജയാശംസകൾ നേരുന്നു. വിദ്വേഷമില്ലാതെ, ചെളിവാരി എറിയാതെ സുതാര്യമായ ഒരു ഇലക്‌ഷൻ നടക്കട്ടെ.

ശബരി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker