32.3 C
Kottayam
Thursday, May 2, 2024

ഇന്ധനവില വര്‍ധന; ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂരിന്റെ വേറിട്ട പ്രതിഷേധം

Must read

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ പ്രതിഷേധിച്ചത്. ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്. അമിത നികുതി കുറയ്ക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധമെന്ന് ശശി തരൂര്‍ പറഞ്ഞു. നൂറ് കണക്കിന് ഓട്ടോറിക്ഷകളാണ് സമരത്തില്‍ പങ്കെടുത്തത്.

അതേസമയം ഇന്ധനവില വര്‍ധന, ജിഎസ്ടി, ഇ-വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന അറിയിച്ചു. കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആള്‍ ഇന്ത്യ ട്രാന്‍സ്പോട്ടേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം ട്രാക്കുകള്‍ ഇന്ന് പണിമുടക്കും. ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് ലളിതമാക്കുക, ഇ-വേ ബില്‍ അപാകതകള്‍ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധനവില പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, കേരളത്തില്‍ ബന്ദ് ബാധകമല്ല. ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് സംഘടനകളും പങ്കെടുക്കില്ല. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകള്‍ ഇന്നു ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ പറഞ്ഞു.

രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. ഡീസല്‍ വില 88 ലേക്ക് എത്തുന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 87 ലേക്ക് അടുക്കുന്നു. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില വര്‍ധിക്കുന്നതിനൊപ്പം അവശ്യ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week