സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നില്‍ക്കണമായിരിന്നു; സംഭവത്തില്‍ വെളിപ്പെട്ടത് കോളേജ് അധികൃതരുടെ നട്ടെല്ലില്ലായ്മ: ശാരദക്കുട്ടി
കോട്ടയം: നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പരസ്യവേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളോട് രണ്ടു തരം പെരുമാറ്റം പാടില്ലെന്നും കോളജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്‌കാര ശൂന്യതയുമാണ് സംഭവത്തില്‍ വെളിപ്പെട്ടതെന്നും ശാരദക്കുട്ടി പറഞ്ഞു. കാംപസില്‍ നിന്ന് രാഷ്ട്രീയമില്ലാതായാല്‍ സംഭവിക്കുന്ന അപകടമാണിതെന്നും ബ്രോയ്‌ലര്‍ കോഴികളെപ്പോലെ ക്വാക് ക്വാക് എന്നൊച്ച വെക്കുകയല്ല, സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നില്‍ക്കുകയായിരുന്നു കുട്ടികള്‍ ചെയ്യേണ്ടതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശാരദക്കുട്ടി പറഞ്ഞു.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേ പരിപാടിക്കിടയിലായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന ബിനീഷിനൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നാണ് അനില്‍ പറഞ്ഞത്. സംവിധായകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് കയറിച്ചെന്ന ബിനീഷ് നിലത്തിരുന്നാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്തു കാരണം കൊണ്ടായാലും പരസ്യവേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളോട് രണ്ടു തരം പെരുമാറ്റം പാടില്ലാത്തതാണ്. കോളേജധികൃതരാണ് അത് സാധിക്കില്ല എന്ന് കൊമ്പത്തെ സംവിധായകനോടു പറയേണ്ടിയിരുന്നത്. റോസിക്കിഷ്ടമില്ലെങ്കില്‍ റോസിക്ക് ഈ വീട്ടില്‍ നിന്നു പോകാം എന്നോ മറ്റോ ഇല്ലേ. ഇത്തരം സന്ദര്‍ഭങ്ങളിലാണത് പറയേണ്ടത്.
അനില്‍ രാധാകൃഷ്ണമേനോന്റെ (ആള്‍ ആരാണെന്നെനിക്കറിയില്ല), മാടമ്പിത്തരത്തേക്കാള്‍, അല്‍പത്തത്തേക്കാള്‍, ആത്മവിശ്വാസമില്ലായ്മയേക്കാള്‍, കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്‌കാര ശൂന്യതയുമാണ് വല്ലാതങ്ങു വെളിപ്പെട്ടു പോയത്.
കാംപസില്‍ നിന്ന് രാഷ്ട്രീയമില്ലാതായാല്‍ സംഭവിക്കുന്ന അപകടമാണിത്. കുട്ടികള്‍ ഇങ്ങനെ നിശ്ശബ്ദരാക്കപ്പെടും. ബ്രോയ്‌ലര്‍ കോഴികളെപ്പോലെ ക്വാക് ക്വാക് എന്നൊച്ച വെക്കുകയല്ല, സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നില്‍ക്കുമായിരുന്നു ഞാന്‍ പഠിപ്പിച്ച പാവപ്പെട്ട കോളേജിലെ കുട്ടികളായിരുന്നുവെങ്കില്‍. അവര്‍ക്ക് സംഘടനാ ബോധമുണ്ട്. അഭിമാനബോധമുണ്ട്. അപമാനിക്കപ്പെടുന്നവരുടെ ഉള്ളില്‍ നിന്നുയരുന്ന നിലവിളി മനസ്സിലാകും.
എസ്.ശാരദക്കുട്ടി