മുഖ്യമന്ത്രിയാണ് ശരി; 2021ലും കേരളം എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന് ശാരദക്കുട്ടി
കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കുമെന്ന പ്രത്യാശ പകരുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ജാതിയും മതവും വര്‍ഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ശരിയെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും കണ്ടത്. ഏതു കാലഘട്ടത്തിലും ജയിക്കുമെന്നുറപ്പിച്ചിരുന്ന യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇതു രണ്ടും. വിജയം നല്‍കിയ സന്ദര്‍ഭങ്ങളെ ഔചിത്യത്തോടെയും ആത്മസംയമനത്തോടെയും വിവേക ബുദ്ധിയോടെയും ഉപയോഗിച്ച് 2021 നെ നേരിടുവാനാണ് ഇടതുപക്ഷം ഇനി തയ്യാറെടുക്കേണ്ടത്’ -ശാരദക്കുട്ടി കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നത്.
ജാതിയും മതവും വര്‍ഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അതു തന്നെയാണ് ശരി. വട്ടിയൂര്‍ക്കാവും കോന്നിയും പറയുന്നത് അതാണ്. ഏതു കാലഘട്ടത്തിലും ജയിക്കുമെന്നുറപ്പിച്ചിരുന്ന യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇതു രണ്ടും. വി കെ പ്രശാന്തിനും ജനീഷ് കുമാറിനും അഭിനന്ദനങ്ങള്‍.
ആകുന്ന വിധത്തിലെല്ലാം സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുവാനും നിലപാടുകളെ വളച്ചൊടിക്കുവാനുമുള്ള മാധ്യമങ്ങളുടെ കഠിന പരിശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം.
യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകള്‍, കഷ്ടിച്ചുള്ള കടന്നുകൂടലുകള്‍ 2021 ല്‍ കേരളം ഘഉഎ നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂര്‍ക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്. ആഹ്ലാദത്തില്‍ പങ്കുചേരുന്നു.
വിജയം നല്‍കിയ സന്ദര്‍ഭങ്ങളെ ഔചിത്യത്തോടെയും ആത്മസംയമനത്തോടെയും വിവേക ബുദ്ധിയോടെയും ഉപയോഗിച്ചു കൊണ്ട് 2021 നെ നേരിടുവാനാണ് ഇടതുപക്ഷം ഇനി തയ്യാറെടുക്കേണ്ടത്.
എസ്.ശാരദക്കുട്ടി
24.10.2019