
കൊച്ചി: മകള്‍ വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സനുമോഹനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സനുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. അടുത്ത 10 ദിവസത്തിനുള്ളില്‍ ഇയാളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
വൈഗയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ സനുവിനെ 28 ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ച വൈകിട്ട് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇന്നു പുലര്‍ച്ചെ നാലോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കുട്ടിയെ താന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നാണ് ഇയാളുടെ മൊഴി. എന്നാല്‍ പോലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഭാര്യയെ ഒഴിവാക്കിയതെന്ന ചോദ്യത്തിനും മകളുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം എങ്ങനെ വന്നുവെന്ന ചോദ്യത്തിനും ഇയാള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. മകളെ പുഴയില്‍ എറിഞ്ഞ ശേഷം താനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഭയം കാരണം സാധിച്ചില്ലെന്നും അതുകൊണ്ടാണ് നാടു വിട്ടതെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
സംഭവത്തിനു ശേഷം ബംഗളൂരുവിലും ഗോവയിലും മൂകാംബികയിലും പോയി. ഒളിവില്‍ പോയതല്ല, മരിക്കാന്‍ വേണ്ടി നാടുവിട്ടതാണെന്നും യാത്രയ്ക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു പോലീസിനോടു പറഞ്ഞു.
https://youtu.be/ncAJ5bz3IWQ