കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ ഗ്രൂപ്പ് രണ്ട് യോഗ്യതാമത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ജയത്തോടെ കേരളത്തിന്റെ രണ്ടാംറൗണ്ട് സാധ്യത വര്‍ധിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ കേരളം അടിച്ചതിലേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.
16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റില്‍ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആന്ധ്ര വരുത്തിയ പിഴവ് മുതലെടുത്ത് മുഹമ്മദ് സലീം കേരളത്തിന്റെ ലീഡുയര്‍ത്തി. തുടര്‍ന്ന് ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുള്‍ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി. ആന്ധ്ര പ്രതിരോധത്തെ കീറിമുറിച്ച് നിജോ ഗില്‍ബര്‍ട്ട് നല്‍കിയ പാസ് സ്വീകരിച്ച് പകരക്കാരനായി ഇറങ്ങിയ അബ്ദുള്‍ റഹീം ഗോളിയേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റില്‍ വീണ്ടും ലീഡുയര്‍ത്തി. നിജോ എടുത്ത കോര്‍ണറില്‍ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. ഒടുവില്‍ 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിഖ്‌നേഷിലൂടെ കേരളം ഗോള്‍പട്ടിക തികച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്.