ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ലീഗുകളില്‍ കളിച്ച് തിരിച്ചുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ‘‘സഞ്ജു സ്ഥിരത പുലർത്തണം. എല്ലാവരും ഐപിഎല്ലിനെക്കുറിച്ചാണു സംസാരിക്കുന്നത്. ഞാൻ എപ്പോഴും സഞ്ജുവിനെ പിന്തുണച്ചിട്ടേയുള്ളൂ. അണ്ടർ 14 ടീമിൽ കളിക്കുമ്പോൾ മുതൽ സഞ്ജുവിനെ ഞാൻ കാണുന്നുണ്ട്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് ടീം ക്യാപ് നൽകിയതു ഞാനാണ്’’– ശ്രീശാന്ത് ഡൽഹിയിൽ പറഞ്ഞു.
‘‘സഞ്ജു ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തണം. ഒരു സെഞ്ചറിയല്ല. ഇരട്ട സെഞ്ചറി നേടണം. കേരള ടീമിനു വേണ്ടി രഞ്ജി ട്രോഫി കിരീടം നേടുകയാണു സഞ്ജു ചെയ്യേണ്ടത്’’– ശ്രീശാന്ത് വ്യക്തമാക്കി. ലെജൻഡ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണു ശ്രീശാന്ത് സഞ്ജുവിന്റെ പ്രകടനത്തേക്കുറിച്ചു സംസാരിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സഞ്ജു ഏകദിന ടീമിലുണ്ടാകുമെന്നു കേരളത്തിലെത്തിയ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും വ്യക്തമാക്കി. അതേസമയം ടീം പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കണമെന്നാണു സഞ്ജു ഇതിനോടു പ്രതികരിച്ചത്.