ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ കേരളത്തിന്റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. 129 പന്തില്‍ 21 ഫോറും 10 സിക്‌സും പറത്തിയ സഞ്ജു 212 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജുവിന്റെയും സെഞ്ചുറി നേടിയ മുന്‍ നായകന്‍ സച്ചിന്‍ ബേബിയുടെയും (127) കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 377 റണ്‍സ് അടിച്ചുകൂട്ടി. മത്സരത്തിലെ എട്ടാം ഓവറില്‍ അവസാന പന്തില്‍ ഒരുമിച്ച സഞ്ജു-സച്ചിന്‍ സഖ്യം ഗോവന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ചു. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ കന്നി സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയാക്കാനും മലയാളി താരത്തിന് കഴിഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കര്‍ണ കൗശല്‍ എന്നിവരാണ് സഞ്ജുവിന് മുന്‍പേ നേട്ടം കൊയ്തവര്‍. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലായി.