തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനെപ്പറ്റി ആലോചിക്കാന്‍ താത്പര്യമില്ലെന്ന് സഞ്ജു സാംസണ്‍. ‘കളിക്കാന്‍ വിളിച്ചാല്‍ പോയി കളിക്കും. ഇല്ലെങ്കില്‍ കളിക്കില്ല. എല്ലാം പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നത്.’, സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) ലോഗോ പ്രകാശന ചടങ്ങിലാണ് സഞ്ജുവിന്റെ പ്രതികരണം.
എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ മികച്ചതാക്കാനാണു ശ്രമം. ടീം നന്നായി കളിക്കുന്നുണ്ട് എല്ലാം പോസിറ്റീവായി കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാ കാര്യത്തിലും കഴിവിന്റെ പരമാവധി നല്‍കും. കളി നന്നായി മുന്നോട്ടു പോകുന്നുണ്ട്. കളിയില്‍ നല്ല മാറ്റമുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. കരിയറിലെ മികച്ച കാലമായിരുന്നു കഴിഞ്ഞ മൂന്ന് നാല് മാസം. ലോകകപ്പ് ടീമില്‍ ഇടം നേടിയത് സ്വപ്നം പോലെയാണ് തോന്നിയതെന്നും സഞ്ജു പറഞ്ഞു. ‘ഇന്ത്യന്‍ ടീമില്‍ കയറണമെന്നായിരുന്നു ആദ്യത്തെ വലിയ ആഗ്രഹം.
അത് നടന്നപ്പോള്‍ അടുത്ത വേള്‍ഡ് കപ്പില്‍ കളിക്കണമെന്നായിരുന്നു. അതും സാധിച്ചു. ലോകകപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നാല്‍ ചെറിയ കാര്യമല്ല എന്ന് മനസ്സിലായത്. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ പരമ്പരയില്‍ വിചാരിച്ച പോലെ കളിക്കാനായില്ല. കേരള രഞ്ജി കളിക്കണമെന്ന് ആഗ്രഹിച്ച ഒരാള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത് വലിയ കാര്യം’, സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഒരു ഫോര്‍മാറ്റ് മാത്രം ഫോക്കസ് ചെയ്യുന്ന ആളല്ല ഞാന്‍. മൂന്ന് ഫോര്‍മാറ്റും കളിക്കാന്‍ ആഗ്രഹമുണ്ട്. ഏത് പൊസിഷനില്‍ കളിക്കാനും താന്‍ റെഡിയാണെന്നും സഞ്ജു പറഞ്ഞു. നാട്ടിലുള്ളവര്‍ നല്‍കുന്ന പിന്തുണയും ന്യൂസീലന്‍ഡ് മുതല്‍ വെസ്റ്റിന്‍ഡീസ് വരെയുള്ള നാടുകളിലുള്ള മലയാളികളുടെ പിന്തുണയും അദ്ഭുതപ്പെടുത്തുന്നതാണ്. പുറത്തുപോയി കളിക്കുമ്പോള്‍ കിട്ടുന്ന പിന്തുണ ഡ്രസ്സിങ് റൂമില്‍ പോലും ചര്‍ച്ചയാണ്.
എടാ ചേട്ടാ എവിടെ പോയാലും നിനക്ക് വലിയ പിന്തുണയാണല്ലോ എന്ന് മറ്റു ടീം അംഗങ്ങള്‍ പറയാറുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് ടീമില്‍ ഇടം കിട്ടാതെ വരുമ്പോഴും ഞാന്‍ ഡക്ക് ആവുമ്പോഴുമെല്ലാം അവര്‍ക്ക് നിരാശയുണ്ടാകും. അത് മനസിലാക്കാനുള്ള പക്വതയുണ്ട്, സഞ്ജു പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കണ്‍ കൂടിയായ സഞ്ജു ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. ലീഗില്‍ പങ്കെടുക്കുന്ന 6 ടീമുകളിലേക്കുള്ള താരലേലം ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. രാവിലെ 10 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ്-3 ചാനലിലും ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍ കോഡിലും തത്സമയം സംപ്രേഷണം ചെയ്യും. വിവിധ ചാംപ്യന്‍ഷിപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 168 കളിക്കാരെയാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ടീമില്‍ 20 കളിക്കാരെ ഉള്‍പ്പെടുത്താം. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം.