ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെ കടന്നാക്രമിച്ച പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഒരു ഫോണ്‍ കോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഉദ്ദവ് താക്കറെയുടെ ശിവസേന വിഭാഗം നേതാവ് സഞ്ജയ് റാവത്തിനായിരുന്നു രാഹുല്‍ ഗാാന്ധിയുടെ ഫോണ്‍ കോള്‍. ഇതിന് തൊട്ട് പിന്നാലെ സഞ്ജയ് റാവത്ത് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്ത് വന്നു. തന്റെ തിരക്കേറിയ യാത്രക്കിടയിലും ഒരു രാഷ്ട്രീയ സഹപ്രവര്‍ത്തകനോട് മനുഷ്യത്വവും കരുതലും കാണിച്ചു എന്നായിരുന്നു റാവത്തിന്റെ പ്രശംസ.
ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്നിട്ടും രാഹുല്‍ എന്നെ വിളിച്ചു. അദ്ദേഹം എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ സഖ്യകക്ഷി നേതാവിനെ കളളക്കേസില്‍ കുടുക്കി 110 ദിവസം ജയിലിലടച്ചതില്‍ തനിക്ക് ഖേദം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.
— Sanjay Raut (@rautsanjay61) November 21, 2022
ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഒരു രാഷ്ട്രീയ സഹപ്രവര്‍ത്തകനോട് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നത് മനുഷ്യത്വത്തിന്റെ അടയാളമാണ്. കൂടാതെ രാഹുല്‍ജി തന്റെ യാത്രയില്‍ സ്‌നേഹത്തിലും കരുതലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെത്തിയ രാഹുല്‍ ഗാന്ധി, വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക്് എഴുതിയ കത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ‘ബ്രിട്ടീഷുകാര്‍ക്ക് വീര്‍സവര്‍ക്കര്‍ ഒരു കത്തെഴുതി, സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്’, എന്നെഴുതി ഒപ്പും ഇട്ടു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തില്‍ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ വഞ്ചിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്ന രാഹുലിന്റെ അഭിപ്രായം തങ്ങള്‍ക്കില്ലെന്നറിയിച്ചുകൊണ്ട് ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ വിഷയം ഞങ്ങള്‍ക്ക് പ്രധാനമാണ്, ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസ് ഈ വിഷയം കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ചരിത്രപരമായ വസ്തുത മാത്രമാണ് പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചിരുന്നു.