മാനസികമായി തളര്‍ത്തി, എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നുപോലും കരുതിയില്ല; കൊവിഡ് നിസാരക്കാരനല്ലെന്ന് സാനിയ ഇയ്യപ്പന്‍
കൊവിഡ് പോസിറ്റീവായതിന് ശേഷം ക്വാറന്റൈന്‍ അനുഭവ കുറിപ്പ് പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. കൊവിഡ് നിസാരക്കാരനല്ലെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തന്നെ സംബന്ധിച്ച് രോഗം തികച്ചും ഭീതിയുളവാക്കുന്ന അനുഭവമായിരുന്നുവെന്നും നിസ്സാരമായി കാണരുതെന്നും സാനിയ കുറിപ്പില്‍ പറയുന്നു. എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുന്‍പ് നെഗറ്റീവ് ഫലം വന്നുവെന്നും താരം കുറിക്കുന്നു.
സാനിയ ഇയ്യപ്പന്റെ കുറിപ്പ് ഇങ്ങനെ;
2020 മുതല്‍ കൊവിഡിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെപ്പറ്റിയും നമ്മള്‍ കേള്‍ക്കുന്നുണ്ട്. രോഗത്തിനെതിരെ സകല സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ലോക്ഡൗണ്‍ മാറിയ ശേഷം നമ്മളില്‍ ചിലരെങ്കിലും ജീവിതം സ്വാഭാവികമായെന്ന് കരുതാന്‍ തുടങ്ങി. രോഗത്തോടുള്ള ഭയം കുറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ ജോലിയും കാര്യങ്ങളും ഉള്ളതിനാല്‍ ആരെയും പഴിക്കുന്നില്ല. നമ്മളെല്ലാം ഇതിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്. അത് ഇപ്പോള്‍ കോവിഡ് ആയാലും പ്രളയമായാലും നമ്മള്‍ നേരിടും.
ഇനി ഞാനെന്റെ ക്വാറന്റൈന്‍ ദിനങ്ങളെക്കുറിച്ച് പറയാം. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ആറാമത്തെ തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ ഫലം പോസിറ്റീവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേള്‍ക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാര്‍, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സില്‍.
‘ഞാന്‍ വല്ലാതെ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടില്‍ ചെന്ന് ദിവസങ്ങള്‍ എണ്ണാന്‍ ആരംഭിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ സമയം ചിലവിടാം എന്ന് കരുതിയെങ്കിലും അതിഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകള്‍ തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതി. ‘രണ്ടാമത്തെ ദിവസം ഇടതുകണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി, ശരീരത്തിന്റെ പലഭാഗങ്ങളിലും തിണര്‍ത്തു. കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. മുന്‍പൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാള്‍ മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന ഞാന്‍ അതിന്റെ വില എന്തെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
‘ഉത്കണ്ഠ എന്നെ മാനസികമായി തളര്‍ത്തി. ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നുപോലും കരുതിയില്ല. അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുന്‍പ് നെഗറ്റീവ് ഫലം വന്നു.
https://www.instagram.com/p/CKJyvyLJiZC/?utm_source=ig_web_copy_link