തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി. നഗരസഭാ കൗൺസിലർ അറസ്റ്റിൽ. പി.ടി.പി. വാർഡ് കൗൺസിലർ വി.ജി ഗിരികുമാറിനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്. പ്രവർത്തകനായ കരുമം സ്വദേശി ശബരി അറസ്റ്റിലായിരുന്നു.
ലോക്കൽ പോലീസ് അന്വേഷിച്ചിട്ടും തുമ്പുകണ്ടെത്താനാകാതെ അന്വേഷണം നീണ്ടുപോകുന്നതില്‍ സർക്കാരിന് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറും പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും അന്വേഷിച്ചിരുന്നു. അഞ്ച്മാസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
ശബരിമല യുവതി പ്രവേശന വിവാദം കത്തിനിൽക്കവേയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് മുന്നിൽ കിടന്നിരുന്ന വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടത്. കേസിൽ ആദ്യം അന്വേഷിച്ച സംഘത്തിന്റെ പക്കൽ നിന്ന് പ്രധാന തെളിവുകൾ നഷ്ടപ്പെട്ടിരുന്നു എന്ന കണ്ടെത്തൽ ഏറെ വിവാദമായിരുന്നു.
പ്രതികൾ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയ സമയത്ത് സന്ദീപാനന്ദഗിരിക്കെതിരെ വധഭീഷണി ഉയർത്തുന്ന തരത്തിൽ റീത്ത് വെച്ചിരുന്നു. ഇതിലെ കയ്യെഴുത്ത് രേഖ തെളിവായി എടുത്തിരുന്നെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ സമയത്ത് നഷ്ടപ്പെട്ടു. മഹസ്സറിൽ രേഖപ്പെടുത്തിയ തെളിവ് ഇപ്പോൾ കേസ് ഫയലിനൊപ്പമില്ല എന്നാണ് വിവരം.
ഇത് മാത്രമല്ല പ്രതികളുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, ആശ്രമം ആക്രമിക്കപ്പെട്ട സമയത്ത് സമീപത്തുനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതികളുടെ ബൈക്ക് കൃത്യമായി പതിഞ്ഞ ദൃശ്യങ്ങളും കേസ് ഫയലിൽ ഇപ്പോഴില്ല.
വിഷയവുമായി ബന്ധപ്പെട്ട് തുമ്പ് കിട്ടാതെ വലഞ്ഞിരുന്ന അന്വേഷണ സംഘത്തിന് ആർ.എസ്.എസ്. പ്രവർത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹോദരൻ ഉയർത്തിയ ആരോപണമാണ് കേസിൽ വഴിത്തിരിവായത്. ഈ ആരോപണം പിന്നീട് ഇയാൾ തള്ളിപ്പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. നിലവിൽ രണ്ടുപേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.