കൊച്ചി: ബെംഗളൂരു എഫ്സി താരം സുനില്‍ ഛേത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാരിയർ. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛേത്രി ഗോൾ നേട്ടത്തിന് സ്വീകരിച്ച രീതി ധാർമികതയ്ക്കോ സ്പോർട്സ്മാൻ സ്പിരിറ്റിനോ യോജിക്കുന്നതല്ലെന്ന് സന്ദീപ് വാരിയർ സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘കളിയുടെ നിയമത്തിനകത്തുനിന്ന് നിങ്ങളുടെ പ്രവർത്തി ന്യായീകരിക്കപ്പെടാം. എന്നാൽ കേവലം സാങ്കേതികതയ്ക്കപ്പുറം വലിയ മൂല്യങ്ങൾക്കു കൂടി ഇടമുള്ള കളിയാണ് ഫുട്ബോൾ. അവിടെ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു, മത്സരത്തിൽ നിങ്ങൾ വിജയിച്ചാലും. റഫറിയുടെ പക്ഷപാതപരമായ ഇടപെടലുകൾ മത്സരത്തിലുടനീളം വ്യക്തമായിരുന്നു. ഫ്രീകിക്കുകൾ വളരെ വേഗം എടുത്ത് ബ്ലാസ്റ്റേഴ്സിനെ സമ്മർദത്തിലാക്കുക എന്നത് റഫറിയുടെ സഹായത്തോടെ ബംഗളൂരു നടപ്പിലാക്കുന്നുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന പെരുമാറ്റങ്ങളായിരുന്നു റഫറിയുടെ ഭാഗത്തു നിന്നുണ്ടായത്.’’– സന്ദീപ് വാരിയർ ആരോപിച്ചു.
സന്ദീപ് വാരിയറുടെ കുറിപ്പിന്റെ പൂർണരൂപം
ഛേത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തത്
സമകാലിക ഫുട്ബോളിലെ ഗോൾ വേട്ടക്കാരെ പരിശോധിച്ചാൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസിക്കും തൊട്ടുപിന്നിലുള്ളയാളാണ് സുനിൽ ഛേത്രി. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഏറെ ബഹുമാനത്തോടെ കാണുന്നയാൾ. എന്നാൽ, ഐഎസ്എല്ലിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ബെംഗളുരു എഫ്സിക്കായി കളിച്ച സുനിൽ ഛേത്രിയുടെ ഗോൾ നേട്ടത്തിന് സ്വീകരിച്ച രീതി ധാർമികതയ്ക്കോ സ്പോർട്സ്മാൻ സ്പിരിറ്റിനോ യോജിക്കുന്നതല്ല.
കളിയുടെ നിയമത്തിനകത്തുനിന്ന് നിങ്ങളുടെ പ്രവർത്തി ന്യായീകരിക്കപ്പെടാം. എന്നാൽ കേവലം സാങ്കേതികതയ്ക്കപ്പുറം വലിയ മൂല്യങ്ങൾക്കു കൂടി ഇടമുള്ള കളിയാണ് ഫുട്ബോൾ. അവിടെ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു, മത്സരത്തിൽ നിങ്ങൾ വിജയിച്ചാലും. റഫറിയുടെ പക്ഷപാതപരമായ ഇടപെടലുകൾ മത്സരത്തിലുടനീളം വ്യക്തമായിരുന്നു. ഫ്രീകിക്കുകൾ വളരെ വേഗം എടുത്ത് ബ്ലാസ്റ്റേഴ്സിനെ സമ്മർദത്തിലാക്കുക എന്നത് റഫറിയുടെ സഹായത്തോടെ ബംഗളൂരു നടപ്പിലാക്കുന്നുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന പെരുമാറ്റങ്ങളായിരുന്നു റഫറിയുടെ ഭാഗത്തു നിന്നുണ്ടായത്.
അതിശക്തരായ ഒരു ടീം എന്നൊന്നും അവകാശപ്പെടാവുന്ന ടീമല്ല ബ്ലാസ്റ്റഴ്സ്. എന്നാൽ പരിശീലകൻ വുക്കൊമാനോവിച്ചിന്റെ നേതൃത്വത്തിൽ പോരാട്ട വീര്യവും ഒത്തിണക്കവും ടൂർണമെന്റിലുടനീളം പുറത്തെടുക്കാൻ ടീമിനായി. കഴിഞ്ഞ ദിവസത്തെ മത്സരത്തിലും അതു പ്രകടമായിരുന്നു.
കളിക്കളത്തിലെ മാന്യതയും ധാർമികതയും ഉയർത്തിപ്പിടിക്കാൻ കളിക്കാർ തയാറാകുമ്പോഴാണ് മത്സരത്തിന് മാനവികത കൈവരുന്നത്.
ഛേത്രി അത് നഷ്ടപ്പെടുത്തിയിരിക്കുന്നു. വെൽഡൺ ബ്ലാസ്റ്റേഴ്സ് …!