CricketCrimeNewsSports

ഹോട്ടൽ മുറിയിലെത്തിച്ച് ‘ആരാധികയെ’ പീഡിപ്പിച്ചു; മുൻ ഐപിഎൽ താരത്തിന് കുരുക്ക്

കാഠ്മണ്ഡു: നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനും ഡൽഹി ഡെയർഡെവിൾസിന്റെ മുൻ താരവുമായ സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ പീഡനക്കേസ്.  ഓഗസ്റ്റ് 21 ന് കാഠ്മണ്ഡുവിലെ ഹോട്ടലിൽ വച്ച്  സന്ദീപ് ലാമിച്ചാനെ പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയിൽ കാഠ്മണ്ഡു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 22 കാരനായ താരത്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്‌തതായും തെളിവുകൾ ശേഖരിച്ചു വരുന്നതായും കാഠ്മണ്ഡു ഗൗശാല മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.  നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുകയായിരുന്ന സന്ദീപ് കാഠ്മണ്ഡു കോടതി അറസ്റ്റ് വാറന്റ് പുറപെടുവിച്ചതിനു പിന്നാലെ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങി.

 

നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്കു പോകുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 21 ന് തനിക്കൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ തന്നെ  സന്ദീപ് ലാമിച്ചാനെ ക്ഷണിക്കുകയായിരുന്നുവെന്നു പെൺകുട്ടി പരാതിയിൽ പറയുന്നു. താൻ താരത്തിന്റെ കടുത്ത ആരാധികയാണെന്നും സമൂഹമാധ്യങ്ങളിലൂടെ സന്ദീപ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും പെൺകുട്ടി പരാതിയിൽ പറയുന്നു. സ്നാപ്ചാറ്റിലൂടെ സന്ദീപുമായി സംസാരിച്ചിരുന്നു. നേരിൽ കാണാൻ താത്‌പര്യം പ്രകടിപ്പിച്ചത് സന്ദീപാണെന്നും താരം ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ കാണാനെത്തിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

രാത്രി എട്ടുമണിയോടെ ഹോസ്റ്റൽ അടച്ചതോടെ  തനിക്കൊപ്പം തങ്ങാൻ  താരം നിർബന്ധിച്ചുവെന്നും കാഠ്മണ്ഡുവിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ സന്ദീപ് ലാമിച്ചാനെയെ നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കി. 

ലെഗ് ബ്രേക്ക് ഗൂഗ്ലി ബോളറായ സന്ദീപ് 2018 ലാണ് നേപ്പാളിനായി അരങ്ങേറ്റം കുറിച്ചത്. 30 ഏകദിനവും 40 ട്വന്റി20യും നേപ്പാളിന് വേണ്ടി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 69 വിക്കറ്റും  ട്വന്റി20യിൽ 78 വിക്കറ്റും വീഴ്ത്തി. പതിനേഴാമത്തെ വയസ്സിൽ  ഐപിഎല്ലിന്റെ ഭാഗമാകുന്ന ആദ്യ നേപ്പാളി താരമെന്ന പെരുമ സന്ദീപ് ലാമിച്ചാനെ സ്വന്തമാക്കിയിരുന്നു. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനു കീഴിൽ പരിശീലനം നേടിയിട്ടുള്ള താരമാണ് ലാമിച്ചാനെ. ഹോങ്കോങ്ങിൽ ഒരു ക്രിക്കറ്റ് ലീഗുമായി സഹകരിക്കുന്ന അവസരത്തിലാണ് ക്ലാർക്ക് സന്ദീപിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. യുവതാരത്തിന്റെ കഴിവു കണ്ടറിഞ്ഞ ക്ലാർക്ക് താരത്തെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരികയായിരുന്നു.

2016ൽ ബംഗ്ലദേശിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ ബോളറായിരുന്നു സന്ദീപ്. അയർലൻഡിനെതിരെ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ പ്രകടനമുൾപ്പെടെ 14 വിക്കറ്റുകളാണ് സന്ദീപ് അന്ന്  സ്വന്തമാക്കിയത്. ഷെയ്ൻ വോൺ ഉൾപ്പെടെയുള്ള താരങ്ങൾ സന്ദീപിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button