ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ…..? സെലിബ്രിറ്റിയായിട്ടും ചാനലുകള്‍ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ്….? ചോദ്യങ്ങളുമായി സനല്‍ കുമാര്‍ ശശിധരന്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലൂടെയാണ് സനലിന്റെ പ്രതികരണം. ‘ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. സെലിബ്രിറ്റിയായിട്ടും ചാനലുകള്‍ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ്.
ഭാവനയുടെ കേസ് ഒരു സെലിബ്രിറ്റിയുടെ കേസ് എന്ന നിലയിലല്ല തനിക്കേറ്റ അനീതിക്കെതിരെ പോരാടാന്‍ തുനിഞ്ഞിറങ്ങിയ ഒരു സ്ത്രീയുടെ നിയമ പോരാട്ടമായാണ് അതിനെ വായിക്കേണ്ടതെന്നും സനല്‍ കുറിച്ചു. ‘ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസ് എന്നതിലുപരി കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ നിലവിലെ അപകടകരമായ അവസ്ഥ പുറത്തുകൊണ്ടുവരാന്‍ സഹായിച്ച കേസ് എന്ന നിലയില്‍ പൊതുജനം ശ്രദ്ധിക്കണം.
കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇത്രയും ജാഗ്രതയോടെ ഇരയായവളും അവള്‍ക്കൊപ്പം നില്‍ക്കുന്നവരും മാധ്യമങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും കേസ് അട്ടിമറിക്കപ്പെടുകയാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ഇല്ലായിരുന്നെങ്കില്‍ ഈ കേസ് ഇവിടെവരെ പോലും എത്തില്ലായിരുന്നു എന്നതാണ് സത്യം. ഇത് ബലാല്‍സംഗത്തിന് ക്വട്ടെഷന്‍ നല്‍കിയ അപൂര്‍വ്വത്തില്‍ അപൂര്‍വം കേസ് എന്നതിലുപരി കേരളത്തിലെ നീതിന്യായവ്യവസ്ഥയുടെ നിലവിലെ അപകടകരമായ അവസ്ഥ പുറത്തുകൊണ്ടുവരാന്‍ സഹായിച്ച കേസ് എന്നനിലയില്‍ പൊതുജനം ശ്രദ്ധിക്കണം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇത്രയും ജാഗ്രതയോടെ ഇരയായവളും അവള്‍ക്കൊപ്പം നില്‍ക്കുന്നവരും മാധ്യമങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും കേസ് അട്ടിമറിക്കപ്പെടുകയാണ്.
കോടതിയും വക്കീലും ഡിജിപിയും ഒക്കെ സംശയത്തിന്റെ നിഴലിലാവുന്നു. ഇത് കണ്ടില്ല എന്ന് നടിക്കുന്നത് സാംസ്‌കാരിക കേരളത്തിന് ലജ്ജയുണ്ടാക്കുന്നില്ല എന്നതാണ് അത്ഭുതം. ഇത്രയും ശ്രദ്ധയുണ്ടായിട്ടും കേസ് അട്ടിമറിക്കപ്പെടുന്നു എങ്കില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ കാര്യത്തില്‍ നീതി ലഭിക്കുമോ എന്ന് എല്ലാവരും സ്വയം ചോദിക്കണം. ഇന്ന് ഞാന്‍ നാളെ നീ എന്ന് കരഞ്ഞുകൊണ്ട് അക്രമിക്കപ്പെട്ടവള്‍ അനീതി ഏറ്റുവാങ്ങുമായിരിക്കും. ചാരുകസേരയിലിരിക്കുന്ന വാല്‍മീകിമാര്‍ തങ്ങള്‍ ഇനി എത്രകാലം എന്ന് സമാധാനിക്കുമായിരിക്കും. ഓര്‍ക്കണം നമ്മുടെ മക്കള്‍ നാളെ ഈ ദുര്‍വിധി ഏറ്റുവാങ്ങാതിരിക്കണമെങ്കില്‍ പണമുണ്ടെങ്കില്‍ നീതി അട്ടിമറിക്കാന്‍ സാധിക്കും എന്ന് കുറ്റവാളികള്‍ക്ക് തോന്നാതിരിക്കണം. നിയമം നടപ്പാവണം. നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതിനായി ഓരോരുത്തരും ശബ്ദമുയര്‍ത്തണം. അത് ചെയ്തില്ല എങ്കില്‍ കാലം നമുക്ക് മാപ്പുനല്കില്ല. #JusticeForBhavana #EndYourSilence