FeaturedKeralaNews

എറണാകുളം ജില്ലയില്‍ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനം,കണ്ടെയിന്‍മെന്റ്‌സോണില്‍ കടുത്ത നിയന്ത്രണങ്ങള്‍,വിലക്ക് ലംഘിച്ച് കടകള്‍ തുറന്നാല്‍ 10000 പിഴ

കൊച്ചി: ശ്വാസതടസ്സമടക്കമുള്ള ലക്ഷണങ്ങളുമായി ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന ആളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനമായി. മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിലാണ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം ആയത്.

മാനദണ്ഡ പ്രകാരം പൂള്‍ ടെസ്റ്റിംഗ് വഴി കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും. സെന്റിനല്‍ സര്‍വെയ്ലന്‍സില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധന നടത്തും. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകള്‍ക്ക് സ്വകാര്യ ലാബുകളില്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും.

കോണ്‍ടൈന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന നിശ്ചിത കടകള്‍മാത്രം തുറന്നു പ്രവര്‍ത്തിക്കും. വില്ലേജ് ഓഫീസര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, പോലീസ് പ്രതിനിധി എന്നിവര്‍ അടങ്ങിയ സംഘം ഓരോ ദിവസവും തുറക്കേണ്ട കടകള്‍ നിശ്ചയിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. അവശ്യ സര്‍വിസുകള്‍, ആശുപത്രി ജീവനക്കാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, വിമാനങ്ങളിലും ട്രെയിനിലുമായി നിരീക്ഷണത്തിന് എത്തുന്ന ആളുകള്‍, തുടങ്ങിയവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര അനുവദിക്കും. ബാങ്കുകള്‍ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളില്‍ നിന്ന് 10000 രൂപ ഫൈന്‍ ഈടാക്കും. പുറത്തിറങ്ങുന്ന ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി വരുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തില്‍ അധികം മാര്‍ക്കറ്റുകളില്‍ ചിലവഴിക്കാന്‍ പാടില്ല. ലോഡുമായി എത്തുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങിയില്ലെങ്കില്‍ ഡ്രൈവര്‍മാരില്‍ നിന്നും സാധനമെത്തിക്കുന്ന കടകളില്‍ നിന്നും പിഴ ഈടാക്കും. പൊതുജനങ്ങളുമായി ഇവര്‍ ഇടപെടുന്ന സാഹചര്യങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

സ്വദേശത്തു നിന്നും മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്‌സ്ടിട്യൂഷന്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.കളക്ടര്‍ എസ്. സുഹാസ്, ഐ. ജി വിജയ് സാക്കറെ, എസ്. പി കെ. കാര്‍ത്തിക്, ഡി. സി. പി ജി പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡി. എം. ഒ ഡോ. എന്‍ കെ കുട്ടപ്പന്‍, ദേശിയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ് ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.

രോഗ ലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗ ലക്ഷണങ്ങള്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ഇ -സഞ്ജീവനി ഹെല്പ് ലൈന്‍ നമ്പറിലോ ഫോണ്‍ വഴി വിവരമറിയിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം മാത്രമേ ചികിത്സ തേടാവു. നേരിട്ട് ആശുപത്രികളില്‍ എത്തുന്ന അവസ്ഥ പരമാവധി ഒഴിവാക്കണം.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ബന്ധപെടാനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ നമ്പറുകള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker