CrimeKeralaNews

കരളും സ്വകാര്യഭാഗങ്ങളും മുറിച്ചെടുത്ത് കറിവെച്ചു നല്‍കി,ഭര്‍ത്താവിനെ വകവരുത്തി ഷാഫിയ്‌ക്കൊപ്പം ഒളിച്ചോടാനും തയ്യാറെടുത്തു,ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്‌

കൊച്ചി: ഇലന്തൂരിലെ നരബലിക്കേസിൽ പ്രതിയായ ലൈലയുടെ മൊഴി ഞെട്ടിക്കുന്നത്. നരബലിക്ക് പുറമേ നരഭോജനവും നടന്നു. കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളും യോനീഭാഗവും പ്രധാനപ്രതി ഷാഫിക്ക് കറിവച്ചു കൊടുത്തുവെന്നാണ് ലൈലയുടേതായി പുറത്തു വരുന്ന മൊഴി. ഇതു വിശ്വസനീയമെങ്കിൽ ഏറ്റവും ഭീകരമായ കാര്യങ്ങളാണ് നടന്നിരിക്കുന്നത്. ഷാഫിയുടെ കാമുകിയായി ലൈല എല്ലാ അർത്ഥത്തിലും മാറിയിരുന്നു. ഭർത്താവിനെ വകവരുത്തി കാമുകനൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയും തയ്യാറാക്കി. ഇതിനിടെയാണ് പൊലീസ് അറസ്റ്റിനെത്തുന്നത്.

ലൈല പൊലീസിൽ നൽകിയിരിക്കുന്ന മൊഴിയനുസരിച്ച് മൃതദേഹങ്ങളിൽ നിന്ന് കരളും യോനീഭാഗങ്ങളും മുറിച്ചെടുത്താണ് കറി വച്ചിരിക്കുന്നത്. ഇത് ഷാഫിയുടെ നിർദ്ദേശ പ്രകാരമാണ്. ഇവ ഇയാൾ ഭക്ഷിച്ചുവെന്നും പറയപ്പെടുന്നു. എന്നാൽ, ഇതു സംബന്ധിച്ച പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. തുടർച്ചയായ രണ്ടു കൊലപാതകങ്ങൾ ഭഗവൽ സിങിന്റെ മനസ് മടുപ്പിച്ചു. ഇയാൾ വല്ലാത്ത മനസ്താപത്തിലായി. ഇതോടെ ഇയാൾ വിവരം പുറത്തു പറയുമെന്ന് ഷാഫിയും ലൈലയും ഉറപ്പിച്ചു. തനിക്കിത് മനസിൽ കൊണ്ടു നടക്കാൻ കഴിയില്ലെന്നും പുറത്ത് പറഞ്ഞേക്കുമെന്നും ഭഗവൽ സിങ് ലൈലയോടും സൂചിപ്പിച്ചിരുന്നു.

ഭഗവൽ സിങിനെയും കൊല്ലാൻ ഇരുവരും പദ്ധതിയിട്ടത് അപ്പോഴാണ്. ഈ കൊല കൂടി നടക്കുന്നതിന് മുൻപ് പ്രതികൾ പൊലീസ് വലയിലായി. കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്ന് ഭഗവൽ സിങ് ലൈലയോട് പറഞ്ഞ കാര്യം ലൈല റഷീദിനെ അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇക്കാര്യമെല്ലാം ലൈല പറഞ്ഞിട്ടുണ്ട്. കൊലയ്ക്ക് ശേഷം എന്തു ചെയ്യണമെന്നതിനും ഇവർ പദ്ധതിയിട്ടിരുന്നു. സ്വത്ത് പൂർണമായും വിറ്റ് മറ്റെവിടെയെങ്കിലും പോകാനും ഇവർ തയാറായിരുന്നു. ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭർത്താവായ ഭഗവൽസിങ്ങിന്റെ മുൻപിൽ ലൈലയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും പൊലീസ് പറയുന്നു.

ലൈലയുടെ രണ്ടാം വിവാഹമാണ് ഭഗവൽ സിങുമായി നടന്നത്. ഷാഫിയുമായി മൂന്നാം വിവാഹമാണ് പദ്ധതിയിട്ടത്. രണ്ടു നരബലിയിലും കഴുത്ത് കണ്ടിച്ചത് താനാണെന്ന് ലൈല പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഷാഫിയുടെ നിർദ്ദേശ പ്രകാരം കഴുത്തു മുറിച്ച ശേഷം മൃതദേഹത്തിന്റെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി ചോര വീടിനുള്ളിൽ വീഴ്‌ത്തി. ചോര വീണതോടെ വീടിന്റെ സകല ദോഷങ്ങളും പോയതായി ഷാഫി ദമ്പതികളെ അറിയിച്ചു രണ്ടാമത്തെ കൊലപാതകത്തിന് മുൻപ് പത്മത്തിന്റെ തലയ്ക്ക് അടിച്ച് ബോധരഹിതയാക്കിയത് ഷാഫയാണ്.

ഭഗവൽസിങ്ങിന്റെ വീടിന്റെ മൂന്നുവശവും വിജനമാണ്. അതിനാൽ തന്നെ കൊലപാതകം നടന്നതും കുഴിച്ചിട്ടതും അതീവ രഹസ്യമായി പ്രതികൾക്ക് നടത്താനായി. പടിഞ്ഞാറുവശത്തുകൂടിയാണ് പ്രവേശനം. റോഡിൽനിന്ന് വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഒരു കാവാണ്. അതുകഴിഞ്ഞാൽ ഭഗവത് സിങ്ങിന്റെ തിരുമ്മുശാല. പിന്നീടാണ് വീട്. പ്രവേശന ഭാഗത്തുള്ള വീടുമാത്രമാണ് ഏക അയൽപക്കം. ഈ വീടിന്റെ അതിരിൽ ഉയർന്ന മതിൽ കെട്ടിയിട്ടുണ്ട്. വീടിന്റെ മൂന്നുവശവും പ്രത്യേക കൃഷിയൊന്നും ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്.ഈ വീട്ടിൽ എന്തുനടന്നാലും നാട്ടുകാർക്ക് അറിയാനാവാത്തസ്ഥിതി ഇങ്ങനെ ഉണ്ടായി.

കൊച്ചിയിൽ അറസ്റ്റിലായ ഷാഫിയെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവിടെ എത്തിച്ചത്. മൂന്നുമണിക്കൂർ വീതം എടുത്താണ് ഓരോ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുവൈദ്യനാണ് ബാബു എന്നു വിളിക്കുന്ന ഭഗവൽ സിങ്. പലയിടത്തുനിന്നും ചികിത്സയ്ക്കായി ഇവിടെ ആൾക്കാർ വന്നുപോയിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നാട്ടുകാരോ അയൽപക്കക്കാരോ ശ്രദ്ധിച്ചിരുന്നില്ല. ആഞ്ഞിലിമൂട്ടിൽ വൈദ്യന്മാർ എന്നറിയപ്പെടുന്ന കുടുംബത്തിലെ കണ്ണിയാണ് ഭഗവൽ സിങ്. സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ഷാഫി ഇലന്തൂരിൽ വന്ന് പോയിരുന്നെന്ന് നാട്ടുകാരിൽനിന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു.

അയൽവാസിയായ ജോസ് തോമസ് ഷാഫിയെപ്പറ്റിപറഞ്ഞതും നിർണായകമായി. കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് ഭഗവത് സിങ്ങിനെയും ഭാര്യ ലൈലയെയും ഞായറാഴ്ചയോടെ ഇലന്തൂരിൽനിന്ന് രഹസ്യമായി കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മൂന്ന് പ്രതികളെയും കൊച്ചിയിൽ ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പൊളിയുന്നതും നരബലിയുടെ വിവരങ്ങൾ പുറത്തുവരുന്നതും. റോസ്ലിനെ കൊന്നത് ഷാഫിയാണ്. പത്മത്തെ കൊന്നത് ലൈലയും. ജൂണിലാണ് റോസ്ലിനെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. മയക്കാനുള്ള ദ്രാവകം നൽകി കട്ടിലിൽ കിടത്തി. തുടർന്ന് ഇവരുടെ ജനനേന്ദ്രിയത്തിൽ ഷാഫി കത്തികുത്തിയിറക്കി. പാത്രത്തിൽ രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. പിന്നീട് ശരീരഭാഗങ്ങൾ 30 കഷണങ്ങളാക്കി കുഴിച്ചിട്ടു.

ആദ്യപൂജ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് ഭഗവൽ സിങ്ങിനെയും ലൈലയെയും ഷാഫി ധരിപ്പിച്ചു. ഇതേത്തുടർന്ന് സെപ്റ്റംബറിലാണ് പത്മത്തെ കൊണ്ടുവന്നത്. ലൈലയാണ് പത്മത്തെ കൊന്നത്. റോസ്ലിനെ കൊന്ന അതേ രീതിയിലായിരുന്നു ഇതും. ജനനേന്ദ്രിയത്തിൽ കത്തിയിറക്കിയതും രക്തം ശേഖരിച്ചതും ലൈലയായിരുന്നു. അതും വീടിനു ചുറ്റും തളിച്ചു. ശരീരാവശിഷ്ടങ്ങൾ 21 കഷണങ്ങളാക്കി രാത്രി കുഴിച്ചിട്ടു. ഉപ്പുവിതറിയാണ് അവശിഷ്ടങ്ങൾ മറവുചെയ്തത്. മണ്ണിട്ടിട്ട് മഞ്ഞൾച്ചെടികളും നട്ടു. ശരീരാവശിഷ്ടങ്ങൾക്കൊപ്പം വസ്ത്രങ്ങൾ ഇട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker