ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നാഗ്രഹിച്ച മൂന്നു വര്‍ഷങ്ങള്‍;പ്രതിസന്ധി മറികടന്നതെങ്ങനെ:സമാന്ത
ഹൈദരാബാദ്:മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച് കുറച്ച് കാലം കരിയറിൽ നിന്നും വിട്ട് നിന്ന സമാന്ത വീണ്ടും സിനിമാ രംഗത്ത് സജീവമാവുകയാണ്. നടിയുടെ ഒന്നിലേറെ പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങളാണ് സമാന്തയുടെ ജീവിതത്തിൽ നടന്നത്. തെന്നിന്ത്യയിലെ തിരക്കേറിയ നായിക നടിയായിരിക്കെയാണ് സമാന്ത വിവാഹിതയാകുന്നത്. നടൻ നാഗ ചൈതന്യയെയാണ് സമാന്ത വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ നാല് വർഷങ്ങൾക്കുള്ളിൽ ഈ ബന്ധം പിരിഞ്ഞു.
വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സമന്ത വിവാഹ ശേഷവും സിനിമാ കരിയറിന് ശ്രദ്ധ കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വിവാഹ ശേഷം വലിയ ചലനങ്ങൾ സമാന്തയുടെ കരിയറിലുണ്ടായി. വ്യത്യസ്തമായ കഥാപാത്രങ്ങൾ നടിയെ തേടി വന്നു. ബോളിവുഡിലുൾപ്പെടെ സമാന്തയുടെ പേര് ചർച്ചയായി. എന്നാൽ മറുവശത്ത് നാഗ ചൈതന്യ അന്ന് പരാജയങ്ങൾക്ക് നടുവിലായിരുന്നു.
ഇതിനിടെയാണ് ഇവർ വിവാഹ മോചനം നേടുന്നത്. വിവാഹമോചനം നടന്ന് കുറച്ച് മാസങ്ങൾക്കുള്ളിലാണ് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയെ ബാധിക്കുന്നത്. തുടരെ വന്ന പ്രശ്നങ്ങളിൽ ആദ്യം തകർന്ന് പോയെങ്കിലും പിന്നീട് ഇവയെ അതിജീവിച്ച് മുന്നോട്ട് പോകാൻ സമാന്തയ്ക്ക് സാധിച്ചു. ഇപ്പോഴിതാ താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സമാന്ത.
ജീവിതത്തിലെ ചില കാര്യങ്ങൾ മാറ്റിയിരുന്നെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കും. ഞാൻ ഇക്കാര്യങ്ങളിലൂടെയെല്ലാം കടന്ന് പോകേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ചിലപ്പോൾ ചിന്തിക്കും. കുറച്ച് നാൾ മുമ്പ് ഇതേക്കുറിച്ച് ഞാൻ എന്റെ സുഹൃത്തുമായി സംസാരിച്ചു. കഴിഞ്ഞ് മൂന്ന് വർഷങ്ങൾ സംഭവിക്കരുതായിരുന്നു എന്നാണ് ഞാനെപ്പോഴും കരുതിയിരുന്നത്. പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നത് ജീവിതത്തിൽ നമുക്ക് നേരെ വരുന്ന കാര്യങ്ങൾ അഭിമുഖീകരിക്കണമെന്നാണ്.
നിങ്ങളതിൽ നിന്നും പുറത്ത് വരുന്നുണ്ടെങ്കിൽ നിങ്ങൾ ജയിച്ചു. മുമ്പത്തേക്കാളും ശക്തയായി എനിക്കിപ്പോൾ തോന്നുന്നു. കാരണം തീയിൽ ചവിട്ടിയാണ് താൻ കടന്ന് വന്നതെന്നും സമാന്ത വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് തുണയായത് സ്പിരിച്വാലിറ്റിയാണെന്നും സമാന്ത പറയുന്നു. എന്റെ വ്യക്തിപരമായ വളർച്ചയ്ക്ക് ആത്മീയത അവിഭാജ്യ ഘടകമാണ്.
അത് എന്റെ ജോലിയിലേക്ക് വിവർത്തനം ചെയ്യുന്നു. ഇത് എന്റെ ജീവിതത്തിന്റെ എന്റെ വശങ്ങളെയും സ്വാധീനിക്കുന്നു. ഇന്നത്തെ ലോകത്ത് മുമ്പത്തേക്കാളധികം ആത്മീയത നമുക്ക് ആവശ്യമാണ്. കാരണം ഇവിടെ ഒരുപാട് വേദനയും പ്രശ്നങ്ങളുമുണ്ട്. ആത്മീയതക്ക് നിങ്ങളുടെ അടുത്ത സുഹൃത്തും ശക്തിയുടെ നിലയ്ക്കാത്ത ശ്രോതസുമാകാമെന്ന് താൻ വിശ്വസിക്കുന്നെന്നും സമാന്ത വ്യക്തമാക്കി.
സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി റിലീസ് ചെയ്യാനുള്ളത്. വരുൺ ധവാനാണ് സീരീസിലെ നായകൻ. ഖുശിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ നായകനായത് വിജയ് ദേവരകൊണ്ടയാണ്. സിനിമ മികച്ച വിജയം നേടി. സമാന്തയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.