‘സമാന്ത തീര്‍ന്നു, ഐറ്റം ഡാന്‍സ് ചെയ്ത് ജീവിക്കേണ്ട അവസ്ഥ! നിര്‍മ്മാതാവിന് മറുപടിയുമായി സമാന്ത
ഹൈദരാബാദ്:തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. ബോളിവുഡിലും സമാന്തയുടേതായി സിനിമകള്‍ തയ്യാറെടുക്കുന്നുണ്ട്. സമീപകാലത്തായി സമാന്തയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കരുത്തുറ്റ സ്ത്രീയായിട്ടാണ് സമാന്ത അറിയപ്പെടുന്നത്.
സിനിമയിലെ വേരുകളൊന്നുമില്ലാതെയാണ് സമാന്ത സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. തെലുങ്കിലൂടെയായിരുന്നു സമാന്തയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് സമാന്ത വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം നായികമാര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതോ നായിക വേഷങ്ങള്‍ ഉപയോഗിക്കുന്നതോ ആണ് പതിവ്.
എന്നാല്‍ അത് തിരുത്തി തന്റെ നായിക സ്ഥാനത്തില്‍ മുന്നോട്ട് പോവുകയായിരുന്നു സമാന്ത. ഈയ്യടുത്തായിരുന്നു സമാന്തയുടെ വിവാഹ ബന്ധം തകരുന്നത്.തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു സമാന്തയുടെ വിവാഹ മോചനം. പിന്നാലെ താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. എന്നാല്‍ ഇതൊന്നും സമാന്തയുടെ കരിയറിനെ ബാധിച്ചില്ല. കരിയറില്‍ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് സമാന്ത.
ഇതിനിടെ ഒരു തെലുങ്ക് സിനിമാ നിര്‍മ്മാതാവ് സമാന്തയ്‌ക്കെതിരെ നടത്തിയ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പരോക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സമാന്ത. താരത്തിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും.
തെലുങ്ക് നിര്‍മ്മാതാവ്യ ചിട്ടിയബാബുവാണ് താരത്തെ വിമര്‍ശിച്ചു കൊണ്ടെത്തിയത്. ഫില്‍മി ലുക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് താരത്തിനെതിരെ തുറന്നടിച്ചത്. വിവാഹ മോചന ശേഷം ജീവിക്കാന്‍ വേണ്ടിയാണ് സമാന്ത ഓ അണ്ടാവ എന്ന ഐറ്റം സോംഗില്‍ അഭിനയിച്ചതെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആരോപണം. സമാന്തയുടെ കരിയര്‍ നശിച്ചുവെന്നും തന്റെ നഷ്ടമായ താരപദവി തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ് സമാന്തയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”സമാന്ത ഓ അണ്ടാവ ഐറ്റം സോംഗ് ചെയ്തത് വിവാഹ മോചന ശേഷമാണ്. ജീവിക്കാന്‍ വേണ്ടി ചെയ്തതാണ്. സ്റ്റാര്‍ നായിക സ്ഥാനം നഷ്ടമായ സമാന്ത വരുന്ന എന്തും ചെയ്യുകയാണ്. നായികയായുള്ള കരിയര്‍ നശിച്ചു. താരപദവിയിലേക്ക് തിരികെ വരാനാകുന്നില്ല. തനിക്ക് കിട്ടുന്ന റോളുകള്‍ ചെയ്യുന്നത് സമാന്ത തുടരുന്നതാകും നല്ലത്” എന്നായിരുന്നു നിര്‍മ്മാതാവിന്റെ വാക്കുകള്‍.
‘യശോദയുടെ പ്രൊമോഷനിടെ അവര്‍ കരഞ്ഞ് ഹിറ്റുണ്ടാക്കാന്‍ നോക്കി. ഇപ്പോഴിതാ ശാകുന്തളത്തിന്റെ മുമ്പും സമാനമായൊന്ന് ചെയ്തിരിക്കുകയാണ്. മരിക്കും മുമ്പ് ചെയ്യണം എന്ന് കരുതിയ വേഷമാണെന്നാണ് പറഞ്ഞത്. തൊണ്ടയില്‍ നിന്നും ശബ്ദം പോലും വരുന്നുണ്ടായിരുന്നില്ല എന്നും പറഞ്ഞു. ” എന്നും നിര്‍മ്മാതാവ് തുറന്നടിച്ചു. അധികം വൈകാതെ ഈ വാക്കുകള്‍ വൈറലായി മാറുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നിര്‍മ്മാതിവിന് പരോക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ്. കരിയറിലെ പരാജയങ്ങളെക്കുറിച്ചുള്ള പ്രസ്താവനയ്‌ക്കെതിരെ ഫലത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് സമാന്ത മറുപടി നല്‍കിയിരിക്കുന്നത്. തന്റെ ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു സമാന്തയുടെ പ്രതികരണം. ഈ ചിത്രത്തിനൊപ്പം സമാന്ത പങ്കുവച്ച വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ഭഗവത്ഗീതയിലെ വാക്കുകളാണ് സമാന്ത പങ്കുവച്ചിരിക്കുന്നത്.
ഫലത്തിന് മുകളില്‍ നിങ്ങള്‍ക്ക് നിയന്ത്രണമില്ല, പ്രവര്‍ത്തിയുടെ മേല്‍ മാത്രമാണുള്ളത്. കാരണം ഫലം നിങ്ങള്‍ക്ക് തീരുമാനിക്കാനാകില്ല എന്ന വാക്കുകളാണ് സമാന്ത പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സമാന്ത നിര്‍മ്മാതാവിന് നല്‍കിയ മറുപടി തന്നെയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.