ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സേഞ്ചായ എഫ്ടിഎക്‌സിന്റെ സഹ സ്ഥാപകനായ സാം ബാങ്ക്മാന്‍ ഫ്രൈഡ് കമ്പനി തകര്‍ന്നതോടെ പാപ്പര്‍ ഹര്‍ജി നല്‍കി. കമ്പനിയുടെ വളര്‍ച്ചയുടെ സമയത്ത് സാമിന്റെ ആസ്തി 2,600 കോടി ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച അത് 1600 കോടി ഡോളറായി കുറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാമിന്റെ ആസ്തിയുടെ ഏകദേശം 94 ശതമാനമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്രിപ്‌റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തം എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കമ്പനിക്ക് കീഴിലുളള ട്രേഡിങ് പ്ലാറ്റ്‌ഫോം അല്‍മേദ റിസേര്‍ച്ച് തകര്‍ന്നതാണ് ഇപ്പോളത്ത പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.
കമ്പനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം എഫ്ടിഎക്‌സ് പല കമ്പനികളോടും സാമ്പത്തികസഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ കമ്പനി വലിയ വീഴ്ചയിലേക്ക് കൂപ്പ്കുത്തുകയായിരുന്നു. ഇതോടെ കമ്പനിയെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്ന ബിനാന്‍സ് പിന്മാറി.
എഫ്ടിഎക്‌സ് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മനസ്സിലാക്കിയതോടെ ക്രിപ്‌റ്റോ ടോക്കണ്‍ എഫ്ടിടി നിക്ഷേപകരെല്ലാം പിന്‍വലിക്കാന്‍ തുടങ്ങി. ഇതോടെ എഫ്ടിടിയുടെ മൂല്ല്യം ഇടിഞ്ഞത് 72 ശതമാനമാണ്. തുടര്‍ന്ന് നവംബര്‍ 10 ഓടെ എഫ്ടിഎക്‌സ് തങ്ങളുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെച്ചതായും അറിയിച്ചു.
ഉപഭോക്താക്കള്‍ നിക്ഷേപിച്ച തുക മറ്റ് ആവശ്യങ്ങള്‍ക്കായി അല്‍മേദ ഉപയോഗിച്ചതായും ഇതാണ് കമ്പനി പ്രതിസന്ധിയിലാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇത്കൂടാതെ എഫ്ടിഎക്‌സ് 1000 കോടി ഡോളറോളം അല്‍മേദയ്ക്ക് നല്‍കിയതായി ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിള്‍ ജീവനക്കാരനായിരുന്ന ഗ്യാരി വാങുമായി ചേര്‍ന്ന് 2019 ലാണ് സാം എഫ്ടിഎക്‌സ് തുടങ്ങുന്നത്.