KeralaNewsRECENT POSTS

‘പഠിച്ച് പഠിച്ച് പഠിച്ച് വലിയ ഒരു ആന പാപ്പാന്‍ ആവണം…’ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി ഒരു മിടുക്കന്‍; എഴുത്തുകാരന്‍ സലു അബ്ദുല്‍ കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വലുതാകുമ്പോ ആരാകണമെന്ന ചോദ്യം ചെറുപ്പത്തില്‍ ഒരു തവണയെങ്കിലും കേള്‍ക്കാത്തവരായി ആരും കാണില്ല. ഡോക്ടറാകണം, എഞ്ചിനിയറാകണം, കലക്ടറാകണം തുടങ്ങിയവായിരിക്കും മിക്കവരുടേയും മറുപടി. സമൂഹം നിശ്ചയിച്ച അഭിമാനമാര്‍ന്ന തൊഴിലുകളാണ് ഇതെന്ന് കുട്ടികള്‍ക്കും അറിയാം. എന്നാല്‍ പഠിച്ച് പഠിച്ച് തനിക്ക് ആന പാപ്പാന്‍ ആകണം എന്ന് ഒരു കുട്ടി മറുപടി പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടിതിക്കുകയാണ് എഴുത്തുകാരനായ സലു അബ്ദുല്‍ കരീം. ഫേസ്ബുക്കിലൂടെയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സലു.
സലു അബ്ദുല്‍ കരീമിന്റെ ഫേസ്ബുക്ക് കുറിപ്പ്

കോട്ടോലുള്ള ഉമ്മയുടെ വീട്ടിലേക്ക് മൂത്ത മാമാടെ മാമി ഹജ്ജിന് പോകുന്നതിന്റെ ഭാഗമായി യാത്രയാക്കുന്നതിന് വേണ്ടിയുള്ള പോക്കിലായിരുന്നു ഞാന്‍…. ഉച്ചക്കു തന്നെ ഇറങ്ങുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് ഇച്ചിരി വൈകിപ്പോയ ഞാന്‍ പെട്ടെന്നെത്താനുള്ള ധൃതിയില്‍ ആക്സിലേറ്ററില്‍ ഞാന്നു കിടന്നായിരുന്നു വണ്ടി ഓടിച്ചിരുന്നത്., വണ്ടി ചിറക്കല്‍ പെട്രോള്‍ പമ്പും കഴിഞ്ഞ് പഴഞ്ഞി ക്രിസ്ത്യന്‍ പള്ളിയുടെ റോഡിലേക്ക് എടുത്തോ പിടിച്ചോച്ചിട്ട് പാഞ്ഞു കേറിയപ്പോഴായിരുന്നു ചുവപ്പ് ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച ഇത്തിരിക്കുഞ്ഞന്‍ പഹയന്‍ പെട്ടെന്ന് എങ്ങാട്ടു നിന്നോ എന്നെക്കാള്‍ ബേജാറില്‍ ചാടിപ്പിടിച്ച് വട്ടം ചാടി കൈ കാട്ടി ചേട്ടാ ഞാനും ഉണ്ടേയെന്നു പറഞ്ഞ് പ്രതീക്ഷയോടെ നിന്നത്. കേട്ട പാതി കേള്‍ക്കാത്ത പാതി ബ്രേക്കില്‍ ചവിട്ടിയപ്പോള്‍ മഴ കൊണ്ട് ഗ്രീസ് പോയ ബുള്ളറ്റിന്റെ ബ്രേക്ക് ചിന്നം വിളിച്ച് മദയാനയെ പോലെ ഒച്ചയും ബഹളവുമുണ്ടാക്കി സീറോ സ്പീഡിലേക്ക് കൂറു മാറി ഞൊടിയിടയില്‍ അടങ്ങി നിന്ന് അവനെ വരവേല്‍ക്കാന്‍ തയ്യാറായത്.

ചാടിക്കേറിയ പഹയന്‍ ചേട്ടാ എന്നെ പഴഞ്ഞി സ്‌കൂളിന്റെ അവിടെ ഇറക്കണം ട്ടാ., എന്നാ പോവാ എന്നും പറഞ്ഞും കൊണ്ട് പുറകില്‍ അള്ളിപ്പിടിച്ചിരുന്നു സെറ്റ് ആയി. ഹാ പോവാലോ., ഇയ്യ് പിടിച്ചിരുന്നോന്നും പറഞ്ഞ് കുരിശു പള്ളിയുടെ മുന്നിലൂടെ ഇവനേതാണീ കുരിശ്ശെന്നും മനസ്സില്‍ ആലോചിച്ച് ഹമ്പിനെയും വെട്ടിച്ചു കൊണ്ട് ഏതോ പ്രഗത്ഭനായ ഭയങ്കരമാന്ന റൈഡറെ പോലെ ഞാന്‍ കേമനാവാന്‍ ശ്രമിച്ചു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു… അല്ല ഇയ്യെന്താ കളര്‍ ഡ്രെസ്സൊക്കെ ഇട്ടിട്ട് അനക്ക് യൂണിഫോം ഒന്നും ഇല്ലേ ഞാന്‍ ആക്സിലേറ്ററില്‍ കൂട്ടി അവനോടു ചോദിച്ചു കൊണ്ട് ദീര്‍ഘമായി മുന്നോട്ടു നോക്കി വണ്ടി വീണ്ടും മുന്നോട്ടു മിന്നിച്ചു.. ഇല്ലാ ഞാന്‍ പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് വാങ്ങാന്‍ പോവാ എന്നും പറഞ്ഞ് അവന്‍ ഒന്നൂടെ വണ്ടിയില്‍ ഉറച്ചിരുന്നു മിണ്ടാതിരുന്നു…

ആഹാ പ്ലസ് വണ്‍ ഏതാ എടുത്തേ എവിടാ ചേര്‍ന്നേ എന്റെ ചോദ്യത്തിന്റെ ആവര്‍ത്തനങ്ങള്‍ ദൂരങ്ങള്‍ താണ്ടുന്നതോടൊപ്പം ഉയര്‍ന്നു കൊണ്ടേയിരുന്നു… ഇല്ലാ ഞാന്‍ അടുത്ത കൊല്ലം ചേരും… അതെന്താടാ നീ ഒഴിഞ്ഞു മാറി നില്‍ക്കുന്നേ നിനക്ക് പഠിക്കണ്ടേ എനിക്ക് ഗിയര്‍ മാറ്റുന്നതോടൊപ്പം വല്ലാത്ത ആകാംക്ഷയും കൂടി കൂടി വന്നു… എനിക്ക് മാര്‍ക്ക് കുറവാ ഇക്കൊല്ലം അപ്പന്റെ കൂടെ കടയില്‍ അപ്പനെ സഹായിക്കും അടുത്ത കൊല്ലം എവിടേലും ചേരും അവന്‍ വീണ്ടും വീണ്ടുമുള്ള എന്റെ ചോദ്യത്തിലേക്ക് ഉത്തരങ്ങളെ അന്തസ്സായി കൂട്ടിച്ചേര്‍ത്തു… നിരാശ കലരാത്ത അവന്റെ ഉത്തരങ്ങളില്‍ മുഴുക്കെ തികഞ്ഞ ആത്മവിശ്വാസം ഉയര്‍ത്തി നിര്‍ത്തികൊണ്ടവനൊരു കൊച്ചു അത്ഭുതമായി മാറി. അതെ അല്ലേലും തോറ്റവര്‍ തന്നെയാണ് വളര്‍ന്നു വളര്‍ന്നു പിന്നീട് ഈ ലോകത്തിന്റെ ഉന്നതിയില്‍ എത്തിയിട്ടുള്ളവരില്‍ അധികവും., ഈ മാര്‍ക്കൊന്നുമല്ല നീ ആരാവണമെന്നൊന്നും തീരുമാനിക്കുന്നത് നീ പോയി മാര്‍ക്ക് ലിസ്റ്റ് വാങ്ങ് ബാക്കിയൊക്കെ പിന്നെ എന്ന് ഞാന്‍ ആക്സിലെറ്റര്‍ കുറച്ച്, ഗിയര്‍ ഡൗണ്‍ ചെയ്തു കൊണ്ട് പറഞ്ഞു…. അപ്പോഴേക്കും ഞങ്ങള്‍ സ്‌കൂള്‍ മതില്‍ കണ്ടു തുടങ്ങിയിരുന്നു അവനോടുള്ള സംഭാഷണം അവസാനിക്കുമല്ലോ എന്ന നിരാശയില്‍ അവസാന ചോദ്യമെന്നോണം ഞാന്‍ അവനോടു ചോദിച്ചു… ആട്ടെ നിനക്ക് ഉള്ളിന്റെയുള്ളില്‍ ശരിക്കും ആരാകാനാ ആഗ്രഹം…? ഞാന്‍ അക്ഷമയോടെ കാതു കൂര്‍പ്പിച്ചു അതോടൊപ്പം റോഡിന് കുറുകെ വന്ന നായ മാറിപ്പോകാന്‍ വേണ്ടി നീട്ടി ഹോണടിച്ചു…

അവന്‍ തെല്ലും ആലോചിക്കാതെ എന്നേ തീരുമാനിച്ചുറപ്പിച്ചതു പോലെ എനിക്ക് സഡന്‍ മറുപടി തന്നു, അത് ചേട്ടാ എനിക്ക് പഠിച്ച് പഠിച്ച് പഠിച്ച് വലിയ ഒരു ആന പാപ്പാന്‍ ആവണം… അതാണെന്റെ വലിയ ആഗ്രഹം… ! അവന്‍ ഉത്തരം പറഞ്ഞതിന്റെ ആ പ്രേത്യേക രീതി കേട്ട് ചിരിച്ചു കൊണ്ട് ഞാന്‍ അവനോടായി കൊണ്ട് പറഞ്ഞു, ഒന്നും പഠിക്കാത്ത ആനക്ക് എല്ലാം പഠിച്ച ഒരു പാപ്പാനേ കിട്ടുന്നതും ഒരു അന്തസ്സാണ് നീ അവനെ നല്ല പാഠം പഠിപ്പിച്ച് വലിയവനാവ്., ഹ,.. ഹ,.. ഹ.. രണ്ട് പേരും ഒന്നിച്ചു ചിരിക്കുന്നതോടൊപ്പം സ്‌കൂള്‍ പടിക്കല്‍ ഞാന്‍ ബ്രേക്ക് ചവിട്ടി വണ്ടി നിര്‍ത്തി. ഗ്രീസ് പോയ ബ്രേക്ക് ആനയുടെ ചിന്നം വിളിയാല്‍ അവന് അന്തസ്സ് യാത്രായപ്പ് നല്‍കി.. അടങ്ങി നിന്നു… ക്ലച്ച് താങ്ങി ഞാന്‍ വീണ്ടും ഫസ്റ്റ് ഗിയറിട്ടു അതോടൊപ്പം എന്റെ ചിന്തകള്‍ ഫസ്റ്റ് ഗിയറില്‍ കുതിച്ചു കൊണ്ട് അവനോടെന്നോണം വിളിച്ചു പറയുന്നുണ്ടായിരുന്നു, ആവര്‍ത്തനങ്ങളുടെ ഡോക്ടറും, എന്‍ജിനീയറും, കളക്ടറുമുള്ള ഈ ലോകത്ത് വേറിട്ടു ചിന്തിച്ച നീ ഈ ലോകത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെടാ മോനെയെന്ന്….. ഇത്തിരി കുഞ്ഞന്റെ ഇത്തിരി വലിയ ആഗ്രഹം എന്ത് തന്നെയായാലും ഈ ജീവിത യാത്രയില്‍ സാധ്യമാവട്ടെ വേറിട്ടു ചിന്തിക്കട്ടെ….
ഏത് തോല്‍വിയിലും അവനവന് ഉള്ളിന്റെയുള്ളില്‍ ആനന്ദം കണ്ടെത്തുന്ന അന്തസ്സുള്ളവരാവണം ഇനി വരും തലമുറ…. ആവര്‍ത്തനങ്ങള്‍ ഒഴിയട്ടെ മാറ്റങ്ങള്‍ നിറയട്ടെ…. അറ്റങ്ങളോളം., ജീവിത യാത്രകള്‍ തുടരട്ടെ…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker