KeralaNews

‘ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട, നമുക്ക് ഒന്നിച്ച് മരിക്കാം’; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ഒരു ആത്മഹത്യാ ശ്രമം

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയുന്നവര്‍ തന്നെ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ മനോനില കൈവിട്ട് ആത്മഹത്യ ചെയ്യാറുണ്ട്. ആത്മഹത്യ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമാണ്. ആത്മഹത്യാക്കുറിപ്പ് വായിച്ച് ഒരാള്‍ക്കും ചിരിക്കാന്‍ കഴിയില്ല. എന്നാല്‍, ആത്മഹത്യാശ്രമം പരാജയപ്പെട്ട സംഭവം നര്‍മരൂപത്തില്‍ തുറന്നെഴുതിയാല്‍ ആര്‍ക്കാണ് ചിരിക്കാതിരിക്കാന്‍ ആവുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സലേഷ് അഗസ്റ്റിന്‍ എന്ന യുവാവ് എഴുതിയ ഒരു ആത്മഹത്യാശ്രമ കഥയാണ്. പ്രണയബന്ധത്തിനു കാമുകിയുടെ അച്ഛന്‍ തടസം നിന്നപ്പോള്‍ കാമുകിയെയും കൂട്ടി ആത്മഹത്യ ചെയ്യാനായി ഹോട്ടലില്‍ മുറിയെടുത്ത കഥയാണ് യുവാവ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. രണ്ട് പേരും 10 ഉറക്കഗുളിക തിന്ന് മരിക്കാന്‍ തയ്യാറായെങ്കിലും അമ്പേ പരാജയപ്പെട്ട കഥയാണ് സലേഷ് നര്‍മരൂപത്തില്‍ പറയുന്നത്.

യുവാവിന്റെ വൈറല്‍ കുറിപ്പ്:

ഇന്ന് രാവിലെ ഒരു കൂട്ടുകാരന്റെ കോള്‍ വന്നപ്പൊളാണ് എണീറ്റത്. അവനൊരു പെങ്കൊച്ചുമായി പ്രേമത്തിലാണെന്ന് എനിക്കറിയാവുന്നതാണ്. അതിപ്പൊ ആകെ സീനായത്രെ. പെണ്ണിന്റെ വീട്ടുകാര്‍ അവളെ അവന് കൊടുക്കില്ലാന്നുള്ള വാശിയില്‍ വേറെ കെട്ടിക്കാന്‍ പോവാണെന്നും നിലവിലെ ഒരു ട്രെന്റിനനുസരിച്ച് രണ്ട് പേരും കൂടി മരിച്ചാലോ എന്ന ആലോചനയിലാണെന്നും അവന്‍ ഗദ്ഗദ കണ്ഠനായി പറഞ്ഞു. അവരുടെ കാര്യം ആലോചിച്ചിങ്ങനെ സെഡ് ആയി ഇരിക്കുമ്പോളാണ് കുറേ കൊല്ലം മുന്നേ ഇതുപോലെ ഞാനും എന്റെ ഒരു കാമുകിയും കൂടി ആത്മഹത്യ ചെയ്ത കാര്യം ഓര്‍മകളുടെ ഓട് പൊളിച്ച് വന്നുകയറിയത്.

കുറച്ച് കൊല്ലം മുന്നേയാണ് സംഭവം നടന്നത്. രണ്ട് മൂന്ന് കൊല്ലത്തെ പുഷ്‌കലമായ പ്രണയത്തിനൊടുവില്‍ ഇനി പിരിയാന്‍ പറ്റില്ല എന്നൊരു മാര്‍ക്കണ്ഡേയ ഖഡ്ജിതമായ തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഞാന്‍ ഒരു ജോലിയൊക്കെ സംഘടിപ്പിച്ച് എന്തെങ്കിലും കഴിക്കാനുള്ള വക ഉണ്ടാക്കീട്ട് കല്യാണം കഴിക്കാം എന്നൊരു ഫാമിലി പ്ലാനിംഗില്‍ മുന്നോട്ടങ്ങനെ പോണ പോക്കില്‍ അത് സംഭവിച്ചു. ഞങ്ങള്‍ പ്രേമത്തിലാണെന്ന സത്യം അവളുടെ തന്തപ്പിശാശ് മണത്തറിഞ്ഞു. വിവരമറിഞ്ഞപാടെ നാട്ടിലെ അറിയപ്പെടുന്ന അല്പനും ലക്ഷണമൊത്ത ഒരു കാട്ടുമാക്കാനുമായ അങ്ങേര്‍ നേരേ വീട്ടില്‍ ചെന്ന് അവളുടെ രണ്ട് ചെവിക്കല്ലിനും 4 × 4 എന്ന അനുപാതത്തില്‍ ഒരു എട്ടടിയങ്ങ് പൊട്ടിച്ചു. അതെനിക്ക് വല്യ ഫീലൊന്നും ചെയ്തില്ല. അവള്‍ടെ കവിള്‍ത്തടം …! അവള്‍ടെ തന്തപ്പടി.. നമ്മള്‍ എടപെടാന്‍ പോകണ്ട. പക്ഷെ അത് കഴിഞ്ഞ് കെളവന്‍ അവളോട് ഗര്‍ജനരൂപത്തില്‍ ചോദിച്ച ചോദ്യം എനിക്ക് നന്നായി ഫീല് ചെയ്തു.

‘പ്രേമിക്കാന്‍ നിനക്ക് കൊള്ളാവുന്ന ആരേം കിട്ടീല്ലേടീ ഒരുമ്പെട്ടോളേ..?’ എന്നായിരുന്നു ആ ചോദ്യം.

അപ്പൊ നിങ്ങള്‍ വിചാരിക്കും പ്രസ്തുത തന്ത എന്തോ മുന്തിയ അംബാനി ഫാമിലി ആണെന്ന്. എരണ്ടപ്പുഴൂനെ ഇട്ട് വാറ്റിയ പട്ടച്ചാരായവും കുടിച്ച് കാജാ ബീഡിയും വലിച്ച് ആഴ്ചയിലൊരിക്കല്‍ കൃത്യമായിട്ട് കേബിള്‍ കുഴിയില്‍ തലകുത്തി വീണ് അവിടെത്തന്നെ അന്തിയുറങ്ങുന്ന മാക്കാച്ചിമോറനാണ് അഭ്യസ്ഥവിദ്യനും തറവാടിയും സുന്ദരനും സുമുഖനും സല്‍സ്വഭാവിയുമായ എന്നെ ഡീഗ്രേഡ് ചെയ്ത് റിവ്യു ഇടുന്നത്. അതും ഞാനങ്ങ് പോട്ടേന്ന് വെച്ചു. അമ്മായിഅപ്പനെ തല്ലി കയ്യുളുക്കിയവന്‍ എന്നൊരു ചീത്തപ്പേര് വേണ്ടല്ലോ. ആരൊക്കെ എതിര്‍ത്താലും എന്റെ കൂടെ വേലി ചാടിപ്പോരാന്ന് അവള്‍ സമ്മതിച്ചിട്ടുണ്ട്. മച്ചാനേ നമ്മക്കത് പോരേയളിയാ..?

പക്ഷെ ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് നിങ്ങിയില്ല. പ്ലാനനുസരിച്ച് ഒരു ദിവസം രാത്രി ഒളിച്ചോടിപ്പോകാന്‍ ബാഗ് പാക്ക് ചെയ്‌തോണ്ടിരുന്ന അവളുടെ മുന്നിലേക്ക് പരട്ടത്തന്ത മറ്റേ ക്ലീഷേ ഐറ്റം ഇറക്കി. അങ്ങേരെവിടോ പോയി അര ലിറ്റര്‍ മണ്ണണ്ണയൊക്കെ വാങ്ങിക്കോണ്ട് വന്ന് ലേശം സ്വന്തം ദേഹത്തും ബാക്കി വന്നത് അമ്മേടെ ദേഹത്തും തൂത്തിട്ട് ഒരു ഗ്യാസ് തീര്‍ന്ന ലൈറ്ററും പിടിച്ചോണ്ട് ചുമ്മാ പട്ടിഷോ.

‘നീ പോയാല്‍ കത്തിക്കും ഞാന്‍. ഇപ്പൊ കത്തിക്കും. ദേ കത്തിക്കാമ്പോണ്’

പട്ടിഷോ കണ്ട് വല്യ ശീലമില്ലാത്ത പെണ്ണ് പേടിച്ച് പോയി. ബാഗ് പാക്കിംഗ് നിര്‍ത്തി നുമ്മക്കട കാമുകി കേറിക്കിടന്ന് ഉറങ്ങി. ഇവള്‍ ഇറങ്ങി വരുന്നതും നോക്കി വേലിക്കല്‍ പോസ്റ്റടിച്ച് നിന്ന ഞാന്‍ ശശിയായി. രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ ഇനി നിന്നാല്‍ സോമനാകും എന്ന് മനസിലാക്കിയ ഞാന്‍ തിരിച്ച് വീട്ടിലും പോയി. പിന്നീടുള്ള കൂടിക്കാഴ്ചയില്‍ ഈ സൊസൈറ്റി ഒരു മൈരനാണെന്നും ആ മൈരന്‍ നമ്മളെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലന്നുമുള്ള ഒരു അഭിപ്രായ സമന്വയത്തില്‍ ഞങ്ങളെത്തി. അങ്ങനിരിക്കെ ഞാന്‍ വളരെ ക്രിയേറ്റീവായിട്ടുള്ള ഒരാശയം മുന്നോട്ട് വെച്ചു.

‘ഒന്നിച്ച് ജീവിക്കാന്‍ പറ്റിയില്ലങ്കില്‍ വേണ്ട.. നമുക്ക് ഒന്നിച്ച് മരിക്കാം’

ഒരു ഉണ്ടക്കല്ലില്‍ ഇരുന്ന കാമുകി പെട്ടന്നുണ്ടായ ഞെട്ടലില്‍ ഉരുണ്ട് താഴെ വീണിട്ട് അസ്പഷ്ടമായി എന്തോ പറയാന്‍ ശ്രമിച്ചു.

‘ചാ…ചാ..ചാ..?’

ഞാന്‍ : ‘ചായ വേണോ..?’

അവള്‍ ശ്വാസം വലിച്ച് കേറ്റീട്ട് പറഞ്ഞു തീര്‍ത്തു. ‘ചാകാന്‍ എനിക്ക് പേടിയാടാ’

സ്വാഭാവികം. എനിക്കാണെങ്കില്‍ ചാകാന്‍ വല്യ പേടിയൊന്നുമില്ല. അവളെ മോട്ടിവേറ്റ് ചെയ്യാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു,

‘അന്ധകാരത്തില്‍പ്പരസ്പരം കൊല്ലുന്ന ബന്ധങ്ങള്‍തന്‍ മഹാഭ്രാന്താലയങ്ങളില്‍, കുന്തിരിക്കപ്പുക ഭ്രൂണബലിയുടെ ഗന്ധം മറയ്ക്കും വിവാഹരംഗങ്ങളില്‍ എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികള്‍ തൂങ്ങിമരിച്ച വഴിയമ്പലങ്ങളില്‍ കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നതു സൗഖ്യമോ മൃത്യുവോ?’

കാമുകിയുടെ വാ ചേറ്റിലൊരു ചെന്താമര വിരിയുന്ന പോലെ പിളര്‍ന്ന് വന്നു.

‘നീയെന്ത് തേങ്ങയാടാ ഈ പറയുന്നത്….?’

കാല്പനിക മോട്ടിവേഷനൊന്നും ഈ പിശാശിന്റടുത്ത് ചെലവാകില്ല എന്ന സത്യം ഞാന്‍ മനസിലാക്കി. എങ്കിലും അത്യാവശ്യമായോണ്ട് ആത്മഹത്യ ചെയ്‌തേ പറ്റത്തുള്ളു താനും. ഞാന്‍ അടുത്ത ആശയം മുന്നോട്ട് വെച്ചു.

‘നീ വെള്ളമടി ഉണ്ടോ..?’

അവള്‍ : ‘ഇല്ല …ഒന്നുരണ്ട് പ്രാവശ്യം ഓരോ ഗ്ലാസ് വൈന്‍ കുടിച്ചിട്ടുണ്ട്…’

‘മതി….അതുമതി… ഇതാണ് നമ്മുടെ പ്ലാന്‍. നമ്മള്‍ കുറച്ച് ഉറക്ക ഗുളിക മേടിക്കുന്നു. ബിവറേജില്‍ പോയി ഒരു ഫുള്ളും വാങ്ങുന്നു. എന്നിട്ട് ഒരു ഹോട്ടലില്‍ റൂമെടുത്ത് ആദ്യം ഫുള്ള് പപ്പാതി അടിക്കുന്നു. അപ്പോള്‍ കള്ളിന്റെ വാറില്‍ നല്ല ധൈര്യം വരും. സമയം കളയാതെ ഉറക്കഗുളിക വാരിത്തിന്നുന്നു. മരിക്കുന്നു’. അവള്‍ക്കങ്ങോട്ട് സംശയം മാറുന്നില്ല..

‘ഇതൊക്കെ ഈ പറയുമ്പോലൊക്കെ നടക്കുവോടേയ്…?’, ഞാന്‍ അരക്കൊട്ട മോട്ടിവേഷന്‍ വീണ്ടും വാരി വെതറി…

‘നിസാരം…നമ്മളെക്കൊണ്ട് പറ്റും…’

അങ്ങനെ ഒരു തരത്തില്‍ അവളെക്കൊണ്ട് ആത്മഹത്യ ചെയ്യാന്‍ കൂടാമെന്ന് സമ്മതിപ്പിച്ചു. അടുത്ത സ്റ്റെപ്പായി ഞാന്‍ ഒരു പരിചയക്കാരനായ തമ്പിച്ചേട്ടന്റെ മെഡിക്കല്‍ ഷോപ്പില്‍ പോയി പറഞ്ഞു.

‘ചേട്ടാ … ഒരു കാക്കിലോ ഒറക്കഗുളിക വേണം.’

തമ്പി അണ്ണാക്കില്‍ കമ്പി കുത്തിക്കേറിയ ഭാവത്തില്‍ എന്നെ ക്രുദ്ധിച്ച് നോക്കി.

‘കാക്കിലോ ഒറക്കഗുളികയോ..? ഇതെന്താ ഒണക്കമുന്തിരി ആണോടാ ഉവ്വേ അങ്ങനങ്ങ് തൂക്കിത്തരാന്‍..?’

ഞാന്‍ ഭവ്യതയോടെ : ‘അത്രയ്ക്ക് അത്യാവശ്യമായോണ്ടാ തമ്പിച്ചേട്ടാ.. ഒരു ഇരുനൂറ് ഗ്രാമെങ്കിലും സെറ്റാക്കിത്തരണം..’

തമ്പി : ‘നിനക്കെന്തിനാ ഗുളിക .?’

‘എനിക്ക് തിന്ന് ആത്മഹത്യ ചെയ്യാനാ ചേട്ടാ. സഹായിക്കണം….”

തമ്പിച്ചേട്ടന്‍ ഒന്നാലോചിച്ചിട്ട് പറഞ്ഞു…

‘നാടിനൊരു നല്ല കാര്യം വരുന്ന കാര്യമായതുകൊണ്ട് തള്ളാനും പറ്റില്ല. എന്തായാലും കാക്കിലോ ഒന്നും തരാമ്പറ്റില്ല. ഒരു ഇരുപതെണ്ണം തരാം…’

അങ്ങനെ ഞാന്‍ കിട്ടിയ ഗുളികയും വാങ്ങി ബിവറേജില്‍ പോയി ഒരു മാജിക് മൊമന്റ്‌സ് ഫുള്ളുമെടുത്ത് വീട്ടില്‍ പോയി. അധികം വൈകാതെ ഏതെങ്കിലുമൊരു ഹോട്ടലില്‍ റൂമെടുത്ത് ഓപ്പറേഷന്‍ ആത്മഹത്യ നടപ്പിലാക്കണം. വൈകിയാല്‍ കാമുകിക്ക് തേക്കാനുള്ള ടെന്‍ഡന്‍സി ഉണ്ടാവാന്‍ ചാന്‍സുണ്ട്. രണ്ടാം ദിവസം തന്നെ ഞാന്‍ അവളെ വീട്ടീന്ന് ചാടിച്ച് തിരുമേനി സിറ്റിയില്‍ തന്നെയുള്ള താജ് ഗ്രൂപ്പിന്റെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ പോയി ഏസിയൊക്കെ ഉള്ള ഒരു റൂമെടുത്തു. കൊള്ളാം നല്ല മുറി. നല്ല കുളിര്. നല്ല ആമ്പിയന്‍സ്. കട്ടിലില്‍ ബാത് ടവ്വല്‍ കൊണ്ട് കൊക്കിനെ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വേറൊരാശയം തോന്നി. ഞാന്‍ അതവളോട് ഷെയറും ചെയ്തു.

‘അതേയ്… ഇവിടിങ്ങനൊരു അന്തരീക്ഷമൊക്കെ ഉള്ള സ്ഥിതിക്ക് നമുക്ക് നമ്മുടെ ആദ്യരാത്രി അങ്ങ് സെറ്റ് ചെയ്തിട്ട് മരിച്ചാലോ..? എന്താ നിന്റെ അഭിപ്രായം…?’

ഏതാനും നിമിഷങ്ങള്‍ അവളെന്റെ കണ്ണുകളിലേക്കുറ്റു നോക്കി നിന്നു. ആഴമേറിയ നോട്ടം..! എന്നിട്ട് മേശപ്പുറത്തിരുന്ന ഫ്‌ലവര്‍വേസെടുത്ത് എന്റെ തലമണ്ടയ്ക്കിട്ട് ഒറ്റയേറും ഒറ്റയലര്‍ച്ചയും.

‘ചാകാന്‍ നേരത്താണോടാ പുല്ലേ കോഴിത്തരം കാണിക്കുന്നത്…? എനിക്ക് എല്ലാ പവിത്രതയോടും കൂടി മരിക്കണം’

പവിത്രന്‍ ചേട്ടന്റെ മാങ്ങാണ്ടി. കഷ്ടിച്ച് ഒഴിഞ്ഞ് മാറാന്‍ പറ്റിയോണ്ട് ഏറ് കൊണ്ട് ചത്തില്ല. എന്റെയുള്ളിലെ മുറിവേറ്റ കോഴിയെ ചങ്ങലയ്ക്കിട്ട് കിടത്തിയിട്ട് ഞാന്‍ ഉള്ളില്‍ വേറൊരു സൈഡില്‍ ഉറങ്ങിക്കിടന്ന മദ്യപാനിയെ വിളിച്ചുണര്‍ത്തി. വെച്ച് വൈകിപ്പിക്കാതെ വെള്ളമടി തുടങ്ങിയേക്കാം. കുപ്പി പൊട്ടിച്ച് രണ്ടെണ്ണം കട്ടയ്ക്ക് ഒഴിച്ചിട്ട് ഒരെണ്ണം ഞാന്‍ ടക്കനേന്നങ്ങടിച്ചു. അനന്തരം മറ്റേ ഗ്ലാസെടുത്ത് മടിച്ച് നിന്ന കാമുകി കുട്ടൂസിന്റെ മൂക്ക് പൊത്തിപ്പിടിച്ച് വായിലൂടെ ഒഴിച്ച് വിട്ടിട്ട് ലേശം അച്ചാറ് തോണ്ടി നാക്കിന്റെ മര്‍മത്ത് തേച്ചും കൊടുത്തു. അണ്ഡകടാഹം വരെ എരിഞ്ഞമര്‍ന്ന കുട്ടൂസ് കുറേനേരം ലണ്ടന്‍ മ്യൂസിയത്തിലെ അമിതാഭ് ബച്ചന്റെ മെഴുക് പ്രതിമയേപ്പോലെ വടി വിഴുങ്ങിയിരുന്നു. അവള്‍ക്ക് ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടെന്നേ ഉള്ളായിരുന്നു എന്ന സത്യം വേദനയോടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു. കാടിക്കലം കണ്ട ജേഴ്‌സിപ്പശുവിനെ അനുസ്മരിപ്പിക്കുന്ന പെര്‍ഫോമന്‍സായിരുന്നു പിന്നെ അരങ്ങേറിയത്. നാല് മിനിറ്റിനുള്ളില്‍ മൂന്നെണ്ണം ചന്നം പിന്നം അടിച്ചതും പോരാഞ്ഞ് എന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ ഒരു പെഗ് കട്ടും കുടിച്ചു എന്റെ പൊന്നു പ്രാണപ്രേയസി…! ചാകാന്‍ വന്നതാണെന്ന കാര്യമൊക്കെ ആള് വിട്ട മട്ടാണ്. ഓര്‍മിപ്പിക്കണ്ട കടമ ഉള്ളതുകൊണ്ട് ഞാന്‍ വിഷയം എടുത്തിട്ടു.

‘മോളൂ..അല്പസമയത്തിനകം നമ്മള്‍ യാത്രയാവുകയായി. ശാന്തിയും സമാധാനവും മാത്രമുള്ള ലോകത്തേക്ക്…’

കിറുങ്ങിപ്പോയ കണ്ണുകള്‍ കഷ്ടപ്പെട്ട് തുറന്ന് അവള്‍ ഇപ്രകാരം മൊഴിഞ്ഞു…

‘നീ പോയിട്ട് വാ… ഞാനിവിടിരിക്കാം’

‘ങേ ..ഞാനൊറ്റയ്‌ക്കൊ..? എവിടെ പോണ കാര്യമാ നീയീ പറയുന്നത്..?’

‘അടുത്ത കുപ്പി മേടിക്കാന്‍ ബാറില്‍ പോകുന്ന കാര്യമല്ലേ…? പോയിട്ടോടി വാ. എനിക്കൊന്നുമായില്ല’

സബാഷ്. എന്റെ ഭാഗത്തും തെറ്റുണ്ട്. കന്നാസ് കണക്കിന് മാട്ടച്ചാരായം വലിച്ച് കേറ്റുന്ന തന്തയുടെ മോളോടാണ് ചിയേഴ്‌സ് പറഞ്ഞതെന്ന് ഞാനോര്‍ക്കണമായിരുന്നു.

‘എടീ പുല്ലേ…. നമ്മളിവിടെ ded ആകാന്‍ വന്നതല്ലേ…? ‘

‘ആണോ…? ‘

‘ആണ്….. അതാണ് മെയിന്‍. ധൈര്യം കിട്ടാന്‍ വേണ്ടി കുറച്ച് മദ്യം കുടിച്ചന്നേയുള്ളു.’

കട്ടിലില്‍ പോളിയോ ബാധിച്ച മഴവില്ലിനെ പോലെ വളഞ്ഞിരുന്ന അവള്‍ കഷ്ടപ്പെട്ട് നിവര്‍ന്നിരുന്നു.

‘എന്നാല്‍ ഇച്ചിരീം കൂടി ഒഴിച്ച് താ. ധൈര്യം ലേശം ചോര്‍ന്ന് പോയാരുന്നു…’

ബാക്കിയുള്ള കള്ള് മൊത്തം ഒന്നിച്ചൊഴിച്ച് ഞാനവള്‍ക്ക് കൊടുത്തു. ഒറ്റവലിക്ക് കുടിച്ചിട്ട് വായില്‍ വിരലിട്ട് നീട്ടിയൊരു വിസിലുമടിച്ചേച്ച് അവള്‍ വീണ്ടും മഴവില്ല് രൂപത്തിലേക്ക് മടങ്ങി. ഇനി വൈകിപ്പിച്ചാല്‍ ശരിയാവില്ല. ഒരു വൈകാരിക പരിസരം ഉണ്ടാക്കാന്‍ ഞാന്‍ മൊബൈലില്‍ മറ്റേ പാട്ട് വെച്ചു.

‘മരണമെത്തുന്ന നേരത്ത് നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ..’

അന്നേരം അവള്‍ക്ക് ഡാന്‍സ് കളിക്കണം. ഈ പാട്ട് വെച്ച് ഇന്നേവരെ ലോകത്താരും ഡാന്‍സ് കളിച്ചിട്ടില്ല എന്ന് അവളെ ഒരു വിധത്തില്‍ പറഞ്ഞ് മനസിലാക്കി ഞാന്‍ സ്ലീപ്പിംഗ് പില്‍സിന്റെ പാക്കറ്റ് എടുത്ത് ആള്‍ക്ക് പത്തെണ്ണം വീതം എണ്ണിക്കോണ്ടിരിക്കുമ്പൊ ദേ പിന്നേം അവള്‍ ഓലിയിടുന്നു.

‘ഒഴിയളിയാ ഒരെണ്ണം കൂടി….നല്ല മൂഡ്…’

ആകെയുള്ള 12 പെഗില്‍ ഏഴും വലിച്ച് കേറ്റീട്ടാണീ പറയുന്നതെന്നോര്‍ക്കണം. ചാവാന്‍ തീരുമാനിച്ചത് നന്നായി. ഇവള്‍ടെ കൂടെ പത്ത് കൊല്ലം ജീവിച്ചാല്‍ കുപ്പി മേടിച്ച് കുടുംബം ജപ്തിയായേനേ. ഞാന്‍ എണീറ്റ് പോയി അവളെ പിടിച്ചെണീപ്പിച്ച് കസേരയില്‍ കൊണ്ടുവന്നിരുത്തി. കാര്യങ്ങളൊക്കെ ഒന്നൂടി ബ്രീഫ് ചെയ്തു.

‘മൊത്തം ഇരുപത് ഗുളിക. പത്ത് എനിക്ക് പത്ത് നിനക്ക്. തിന്നുന്നു. ചേര്‍ന്നിരിക്കുന്നു. മരിക്കുന്നു….’

പറഞ്ഞ് തീര്‍ക്കുന്നതിനു മുമ്പേ അവള്‍ അവള്‍ടെ ഷെയര്‍ ഗുളിക വാരി വിഴുങ്ങി പുറകെ അരക്കുപ്പി പെപ്‌സിയും കുടിച്ചു. ഒട്ടും വൈകിപ്പിക്കാതെ ഞാനും പത്ത് ഗുളിക വാരി വിഴുങ്ങി. പെരുമ്പാമ്പായി ഇരിക്കുന്ന അവളെ താങ്ങിപ്പിടിച്ച് കൊണ്ടുപോയി കട്ടിലില്‍ കിടത്തി. അടുത്ത് ഞാനും കിടന്നു. നിമിഷങ്ങള്‍ പതിയെ ഇഴഞ്ഞ് നീങ്ങി. കണ്ണുകള്‍ പതിയെ അടഞ്ഞ് പോകുന്ന പോലെ. മരണം കഴുകനെപ്പോലെ പറന്നിറങ്ങുന്നതിന്റെ ചിറകടിയൊച്ച നേര്‍ത്ത് കേള്‍ക്കുന്നുണ്ട്. ആകാശമാളികയുടെ മുറ്റത്ത് വൈക്കോല്‍ തിന്ന് നില്‍ക്കുന്ന പോത്തിനടുത്തേക്ക് നടന്നടുക്കുന്ന കാലനെ ഇപ്പോളെനിക്ക് കാണാം. ഞങ്ങളെ കൊണ്ടുപോകാനുള്ള വരവാണ്. ബോധാബോധങ്ങള്‍ ചാവുകടലിന്റെ ഉപ്പുതിരമാലകളില്‍ ആടിയുലഞ്ഞ് അര്‍ദ്ധമയക്കത്തിലേക്ക് വഴുതുമ്പോളേക്കും ഒരു ഭീകര ശബ്ദം കേള്‍ക്കുന്നു.

‘ഗ്വാഹ്…’ ഒപ്പം ആരോ എന്തൊക്കെയോ തട്ടിമറിച്ച് ഓടുന്ന ശബ്ദം. ബാത് റൂമിന്റെ വാതില്‍ തുറന്നടയുന്നു. അവളെവിടെ..? കട്ടിലില്‍ കാണാനില്ല. കനപ്പെട്ട് വരുന്ന കണ്‍പോളകള്‍ തുറക്കാന്‍ ശ്രമിച്ച് ഞാന്‍ എണീറ്റ് നേരെ നിന്നു. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. നെഞ്ചില്‍ പരവേശം പഞ്ചാരിമേളം കൊട്ടുന്നുണ്ട്. മരണം തൊട്ടടുത്തെത്തിക്കഴിഞ്ഞു എന്നെനിക്ക് മനസിലായി. ബാത്‌റൂമില്‍ പോയി നോക്കിയ ഞാന്‍ സ്തബ്ധനായി. ക്ലോസറ്റിനോട് ചേര്‍ന്ന് 65 സ്‌ക്വയര്‍ ഫീറ്റില്‍ ഒന്നാന്തരമൊരു വാളുവെച്ചിട്ട് അതിന്റെ നടുക്ക് കിടക്കുന്ന കുട്ടൂസ്. നേര്‍ത്ത ശബ്ദത്തില്‍ അവള്‍ പാടുന്നുണ്ട്.

‘ബേഡ്‌സ് ആര്‍ സിംഗിംഗ്
സ്റ്റാര്‍സ് ആര്‍ ബ്ലിങ്കിംഗ്
സ്‌പേംസ് ആര്‍ സ്വിമ്മിംഗ്
ഹൗ ബ്യൂട്ടിഫ്യുള്‍ പ്യുപ്പിള്‍സ് ….’

അപ്പൊളാണ് ഞാനാ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അവള്‍ മുണുങ്ങിയ പത്ത് ഗുളികയും വെച്ച വാളിന്റെ കന്നിമൂലയ്ക്ക് ഒരു കേടും കൂടാതെ കിടപ്പുണ്ട്. ഞാന്‍ അതിദാരുണമായി തേയാന്‍ പോകുന്നു എന്നെനിക്ക് മനസിലായി. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഒറ്റയ്ക്ക് മരിച്ചിട്ട് പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. പെട്ടന്നൊരു വാള് പണിയുകയേ ഓപ്ഷനുള്ളു. നെഞ്ചും വയറുമൊക്കെ തിരുമ്മി ഓക്കാനിച്ച് നോക്കീട്ടൊന്നും ശര്‍ദ്ധി വരുന്നില്ല. രണ്ടും കല്പിച്ച് കുറെ വിരലുകള്‍ ചേര്‍ത്ത് അണ്ണാക്കിലേക്ക് തള്ളി തൊണ്ടയില്‍ ഇളക്കി ഇക്കിളിയാക്കി ഒരു വിധത്തില്‍ ഒരു നിര്‍ബന്ധിത വാള് നിര്‍മാണം സാധ്യമാക്കി. പുറത്ത് വന്ന വസ്തുക്കളില്‍ നിന്ന് ഗുളിക വേര്‍തിരിച്ച് എണ്ണി നോക്കിയപ്പോള്‍ പണി പാളി എന്നെനിക്ക് ബോധ്യപ്പെട്ടു. പത്തില്‍ ഏഴെണ്ണമേ പുറത്ത് വന്നിട്ടുള്ളു. അതില്‍ പലതും ദ്രവിച്ച് തുടങ്ങിക്കഴിഞ്ഞു. മയങ്ങി വീഴുന്നതിന്റെ വക്കില്‍ നിന്നുകൊണ്ട് ഞാന്‍ ഇന്റര്‍കോം എടുത്ത് റിസപ്ഷനിലേക്ക് വിളിച്ച് ഇത്രയും പറഞ്ഞൊപ്പിച്ചു.

‘ഹലാ ..റിച്ചാഡ് ഹോസ്പിറ്റലില്‍ വിളിച്ചൊരു ആംബുലന്‍സ് വരാന്‍ പറയാമോ…?’

പിന്നെ ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ചെറുപുഴ റിച്ചാഡ് ഹോസ്പിറ്റലിന്റെ ഐസിയുവില്‍ നാലാം ദിവസമാണ്. പിന്നെയും ഏഴ് ദിവസം അവിടെ കിടന്ന് വയറ് കഴുകി ഇസ്തിരി ഇട്ടിട്ടാണ് വാര്‍ഡിലേക്ക് മാറ്റിയത്. ഈ ഒരവസരത്തില്‍ സമൂഹത്തിനോട് ഒന്നേ എനിക്ക് പറയാനുള്ളു. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker