ഡ്രൈവറുമായി അവിഹിതബന്ധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. സാജന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്നെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തണമെന്ന ദുരുദ്ദേശ്യത്തോടെ താനും ഡ്രൈവറും തമ്മില്‍ തെറ്റായ ബന്ധമുണ്ടെന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തുകയാണെന്നു ബീനയുടെ പരാതിയില്‍ പറയുന്നു. ഇതാണു സാജന്റെ ആത്മഹത്യക്കു പിന്നിലെന്നും അതേക്കുറിച്ചു മകള്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരമെന്ന രീതിയിലാണു പ്രചാരണം. ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ സംരക്ഷിക്കാനായി സംഭവത്തിന്റെ ഗതി മാറ്റിയെടുക്കുകയെന്ന ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരോട് ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു മകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാജനുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. ഓഡിറ്റോറിയത്തിനു നഗരസഭ ലൈസന്‍സ് നല്‍കാത്തതിലുള്ള വിഷമം മാത്രമാണു കുടുംബത്തിലുണ്ടായിയരുന്നത്. വസ്തുതകള്‍ മറച്ചുവച്ച് തന്നെയും കുടുംബത്തെയും തേജോവധം ചെയ്യാനും മാനസിക സമ്മര്‍ദത്തിലാക്കി തകര്‍ക്കാനുമുള്ള നീക്കമാണു നടക്കുന്നത്. കുടുംബത്തെ മോശമായി ചിത്രീകരിച്ച് ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നല്‍കിയത്.