BusinessKeralaNews

കേരളത്തിൽനിന്ന് ദുബായിലേക്ക് കപ്പല്‍ യാത്ര,1200 പേർക്ക് സഞ്ചരിക്കാം,3 ദിവസം; ചർച്ച സജീവം

കൊച്ചി: കോഴിക്കോടുനിന്ന് ദുബായ് തുറമുഖം വരെ 3 ദിവസം, കൊച്ചി വഴി ചുറ്റിയാണെങ്കിൽ മൂന്നര ദിവസം; കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാനുള്ള സാധ്യതകൾക്കു വേഗം വർധിച്ചു. കൊച്ചിയിൽ നടന്ന ഉന്നതാധികാരികളുടെ യോഗത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ചയ്ക്കുവന്നു. ഇരുപതോളം കപ്പൽ കമ്പനികളാണ് പദ്ധതിയിൽ താല്‍പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുള്ളത്. ഇവയിൽ കുറഞ്ഞത് നാലോ അഞ്ചോ കമ്പനികളെങ്കിലും വൈകാതെ താൽ‍പര്യപത്രം നൽ‍കിയേക്കുമെന്നാണ് അറിയുന്നത്. 

‘‘വളരെ പോസിറ്റീവായ ചര്‍ച്ചയാണ് ഇന്ന് നടന്നത്. വിദേശ കപ്പല്‍ കമ്പനികൾ ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികൾ, ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലുള്ളവർ തുടങ്ങി നാൽപതിലേറെ പേർ ചർച്ചയിൽ പങ്കെടുത്തു. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പരിഹരിക്കുക, പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുക തുടങ്ങിയവയാണ് ഇന്നത്തെ യോഗം കൊണ്ട് ഉദ്ദേശിച്ചത്.

ക്രൂയിസ് ഷിപ്പുകളാണോ യാത്രാ കപ്പലുകളാണോ തുടങ്ങി ഒട്ടനേകം സംശയങ്ങള്‍ ചർച്ചയ്ക്കു വന്നു. ഇതിനെല്ലാം മറുപടി നൽകി. ഇനി കപ്പല്‍ സര്‍വീസ് ആരംഭിക്കാൻ താൽപര്യമുളളവർ ഏപ്രിൽ 22നകം താൽപര്യപത്രം നല്‍കണം. അതു പരിശോധിച്ച് സർക്കാർ നയങ്ങൾക്ക് അനുസൃതമായി ചർച്ചനടത്തി കാര്യങ്ങൾ മുന്നോട്ടു പോവുക എന്നതാണ് ഉദ്ദേശിക്കുന്നത്’’ – കേരള മാരിറ്റൈം ബോർഡ് ചെയർമാൻ എന്‍.എസ്.പിള്ള പറഞ്ഞു.

10,000 രൂപയിൽ താഴെയുള്ള ടിക്കറ്റ് നിരക്കിൽ യാത്ര സാധ്യമാകുമെന്നാണു തങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സര്‍വേയിൽ വ്യക്തമായതെന്ന് യോഗത്തില്‍ പങ്കെടുത്ത മലബാർ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാന്‍ സി.ഇ.ചാക്കുണ്ണി വ്യക്തമാക്കി. ഈ നിരക്കിൽ പ്രവാസികൾക്കു കേരളത്തിലെത്താന്‍ സാധിക്കുമെങ്കിൽ കപ്പൽ സര്‍വീസ് വലിയ വിജയമാകും.

തിരിച്ചു കേരളത്തില്‍നിന്നുള്ള ചരക്കുകളുമായി കപ്പലുകൾക്കു ഗൾഫിലേക്കു പോകാനും സാധിക്കും. ചെരുപ്പ്, ഭക്ഷ്യസാധനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയവ ഗൾഫ് രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്നതിനു നിലവിൽ ആവശ്യമായ വിമാന സര്‍വീസുകൾ ഇല്ല എന്നതും യോഗത്തിൽ ചർച്ചയായി.

‘‘വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിൽ കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാർ ഇല്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണ്. പ്രസ്തുത കപ്പൽ നിർമിച്ചത് കൊച്ചി കപ്പൽ നിർമാണശാലയാണ്. പൂർണമായും ശീതീകരിച്ച കപ്പലിൽ 150 പേർക്കു യാത്ര ചെയ്യാനാവും. ഈ കപ്പൽ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും ഞങ്ങൾ യോഗത്തിൽ പറഞ്ഞു’’ –സി.ഇ.ചാക്കുണ്ണി വ്യക്തമാക്കി. 

പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണു കേരള – ഗൾഫ് കപ്പൽ യാത്രാ സർവീസ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികള്‍ക്കു രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ വന്നു പോകുന്നതിന് ഉചിതമായ വിധത്തിലാണു കപ്പൽ യാത്രാ പദ്ധതി വിഭാവനം ചെയ്യുന്നത്. ആഡംബര കപ്പൽ അല്ലെങ്കിൽ പോലും വിനോദോപാധികളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഇത്തരം യാത്രാ കപ്പലുകൾ.

1200 പേരെയെങ്കിലും ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള കപ്പലുകളാണു പരിഗണിക്കുന്നത്. ഇതിനു പുറമെ, 3 – 4 ദിവസം കടലിലൂടെ ഗൾഫിലേക്കുള്ള ആഡംബര യാത്രക്കായുള്ള ക്രൂയിസുകളും പരിഗണിക്കുന്നുണ്ട്. കപ്പൽ കമ്പനികൾക്കു കൂടി ലാഭകരമാവുന്ന വിധത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണു മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ‍അതേസമയം, 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന രീതിയിലാണു നിലവിൽ ചർച്ച പുരോഗമിക്കുന്നത്. യാത്രക്കാർക്കു 60 മുതൽ 70 കിലോഗ്രാം വരെ സാധനങ്ങൾ കൊണ്ടുപോകുന്ന കാര്യവും പരിഗണനയിലുണ്ട്. 

വിവിധ കപ്പൽ കമ്പനികളെ പ്രതിനിധീകരിച്ച് വാട്ടർ ലൈൻ ഷിപ്പിങ് ലിമിറ്റഡ്, ജിഎസ്ആർ മാരിടൈം വെഞ്ചേഴ്സ് എൽഎൽപി, ജെഎം ബക്ഷി & കമ്പനി, സീത ഗ്രൂപ്പ് ശ്രീലങ്ക ആൻഡ് ഇന്ത്യ, അൻതാര ക്രൂയിസ്, ക്രൂയിസ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം ആസ്ഥാനമായ ഗാങ്‍വേ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ഷിപ്പിങ് കമ്പനികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തവയിൽ ഉൾപ്പെടും.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് എംഡി ആർ.ഗിരിജ, മാരിടൈം ബോർഡ് സിഇഒ ഷൈൻ എ.ഹഖ്, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ലിമിറ്റഡ് ട്രാഫിക് മാനേജർ വിപിൻ മേനോൻ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സിഇഒ കെ.രൂപേഷ് കുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker