മണിരത്നം ചിത്രം എങ്ങനെ ഒഴിവായി,സായി പല്ലവി പറയുന്നു
തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ മണിരത്നത്തിന്റെ ചിത്രത്തില്‍ നടി സായ് പല്ലവിക്ക് അവസരം ലഭിച്ചിരുന്നു. പിന്നീട് സായിക്ക് പകരം മറ്റൊരു താരത്തെയാണ് ചിത്രത്തിലെ നായികയാക്കിയത്. ഇത് പിന്നീട് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
കാര്‍ത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന ചിത്രത്തിലേക്കാണ് ആദ്യം സായി പല്ലവിയെ പരിഗണിച്ചിരുന്നത്. 2017 ല്‍ ഈ ചിത്രം പുറത്തിറങ്ങുകയും ചെയ്തു. സിനിമയിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് സായിക്ക് പകരം മറ്റൊരു താരത്തെയാണ് ചിത്രത്തിലെ നായികയാക്കിയത്. ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്: സത്യസന്ധമായി പറയുകയാണെങ്കില്‍ ആ വേഷത്തിനായി എന്നെ പരിഗണിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ജോര്‍ജിയയിലേക്ക് പുറപ്പെടുന്ന ഒരു സായാഹ്നത്തില്‍ എനിക്ക് മണിരത്നം സാറില്‍ നിന്ന് ഒരു കോള്‍ വന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ കഥാപാത്രമായി ഞാന്‍ വന്നാല്‍ നന്നാകുമെന്ന് പറഞ്ഞു.
എന്നാല്‍ ആറ് മാസത്തെ തിരക്കഥാ ജോലികള്‍ക്ക് ശേഷം ആ വേഷം മറ്റൊരാള്‍ ചെയ്താലാണ് നന്നാവുകയെന്ന് അവര്‍ക്ക് തോന്നി. വ്യത്യസ്തമായ ഒരാളുടെ ആവശ്യം അവര്‍ക്ക് അനുഭവപ്പെട്ടു. സംഭവിക്കുന്നതെല്ലാം ഒരു കാരണത്താലാണ് സംഭവിക്കുന്നത്. സായി പല്ലവി പറയുന്നു.
പിന്നീട് ജോര്‍ജിയയിലുളള സമയത്തായിരുന്നു മണിരത്നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത താരം നിഷേധിച്ചത്. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് താനെന്നും ഏതൊരാളെയും പോലെ താനും ഈ ചിത്രം കാണാനുളള ആകാംക്ഷയിലാണെന്നും നടി അന്ന് കുറിച്ചിരുന്നു. “ഒരു ഇതിഹാസ സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന് അറിയാം ഏത് താരമാണ് ആ കഥാപാത്രത്തിന് യോജിക്കുകയെന്ന്. കരുതലുള്ള ഒരു വ്യക്തി എന്ന നിലയില്‍ എനിക്കും ഏറ്റവും മികച്ചത് എന്താണെന്ന് അറിയാം’- സായ് പറഞ്ഞു.
അതേസമയം കുറച്ചുകൂടി പക്വത നിറഞ്ഞ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും മാത്രമല്ല, ചിത്രത്തിലെ നായകന് കാര്‍ത്തിയുമായി ഇഴുകിച്ചേര്‍ന്നുളള കുറച്ച് റൊമാന്റിക്ക് സീനുകള്‍ അഭിനയിക്കാന്‍ സായി പല്ലവി വിസമ്മതിച്ചതുമാണ് നായികയെ മാറ്റാന്‍ കാരണമായതെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രേമം എന്ന ആദ്യചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ നായികയാണ് സായി പല്ലവി. സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ മലര് എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു നടി. പ്രേമത്തിന് പിന്നാലെ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി സായി പല്ലവി മാറിയിരുന്നു.