ശബരിമല: തുലാമാസ പൂജകൾക്കായി
ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു.തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു.ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മെമ്പർ കെ.പി.ശങ്കരദാസ് എന്നിവർ ശ്രീകോവിൽ നട തുറന്നപ്പോൾ അയ്യപ്പദർശനത്തിനായി എത്തിയിരുന്നു. ക്ഷേത്ര മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷമായിരുന്നു ഇരുമുടികെട്ടേന്തി ,ശരണ മന്ത്രങ്ങളുമായി കാത്ത് നിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചത്. ആഴി തെളിച്ച ശേഷം ശബരിമലയിലെയും മാളികപ്പുറത്തിലെയും നിയുക്ത മേൽശാന്തിമാരെ ഇപ്പോഴത്തെ മേൽശാന്തി പതിനെട്ടാം പടിയിലേക്ക് ആനയിച്ച് കൈപിടിച്ചു കയറ്റി. കൊടിമരത്തിനു മുന്നിൽ വച്ച് ദേവസ്വം ബോർഡ് പ്രസിഡൻറും അംഗവും ചേർന്ന് മേൽശാന്തിമാരെ സ്വീകരിച്ചു. തുടർന്ന് ഇരുമുടി കെട്ടുമായി ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും അയ്യപ്പനെ തൊഴുത് വണങ്ങി. ശേഷം മാളികപ്പുറത്തമ്മയെയും തൊഴുതു. ഇന്നു മുതൽ ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. ശബരിമലയിലെ നിയുക്ത മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയും ഒരു മാസം ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കും. വിശ്ചികം ഒന്നിനാണ് ഇരു മേൽശാന്തിമാരുടെയും അവരോധിക്കൽ ചടങ്ങും അഭിഷേക ചടങ്ങും നടക്കുക.നട തുറന്ന ഇന്ന് പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നടതുറന്ന ദിവസം തന്നെ അയ്യപ്പദർശന പുണ്യത്തിനായി ഭക്തജന തിരക്കായിരുന്നു.തുലാം ഒന്നായ നാളെ രാവിലെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും. പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസവും ഉണ്ടാകും.പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News