പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ മാസ്‌ക് ധരിച്ച് മല കയറുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മാസ്‌ക് ധരിച്ച് മല കയറുമ്പോള്‍ ശ്വാസംമുട്ടല്‍ ഉള്ളവര്‍ക്ക് ഹൃദയാഘാതം വരെ സംഭവിച്ചേക്കാമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഭക്തര്‍ക്ക് സാധാരണ നീലിമല കയറുമ്പോള്‍ പോലും ശ്വാസം എടുക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മാസ്‌ക് ധരിച്ച് മല കയറുമ്പോള്‍ ബുദ്ധിമുട്ട് ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് പോലും മാസ്‌ക് ധരിച്ച് 25 മീറ്റര്‍ മാത്രമെ മലകയറാനാകു.
ഏതെങ്കിലും ഭക്തര്‍ക്ക് ഹൃദയാഘാതമുണ്ടായാലും പുതിയ സാഹചര്യത്തില്‍ ആശുപത്രികളിലെത്തിക്കുന്നതും വെല്ലുവിളിയാണ്. വേഗത്തില്‍ നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്‌ക് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന നിര്‍ദേശം.