തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എംം.ബഷീർ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയെ സസ്പെന്‍റ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെയാണ് സസ്പെന്റ് ചെയ്തത്. ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം, കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി.
എ ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും അടങ്ങുന്നതാണ് പുതിയ സംഘം. എസ്പി ഷാ നവാസ്, അസി. കമ്മീഷണർ ഷീൻ തറയിൽ, രണ്ട് സിഐമാർ എന്നിവര്‍ സംഘത്തിലുണ്ട്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നതും പ്രത്യേക സംഘം പരിശോധിക്കും.
അതേസമയം, റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അതിനിടെ, ശ്രീറാം വെങ്കട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടത്തിയ രക്തപരിശോധനയുടെ ഫലം ഇന്നലെയാണ് പൊലീസിന് കൈമാറിയത്.