KeralaNews

റഷ്യയുടെ ലൂണ വീണു; ഗണപതി പൂജ ചെയ്ത ചന്ദ്രയാൻ കാലുകുത്തും: കെ.സുരേന്ദ്രൻ

കോട്ടയം: റഷ്യൻ ബഹിരാകാശ പേടകമായ ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണെന്നും, ഗണപതി പൂജ ചെയ്ത് അയച്ച ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കൾ വിക്ഷേപിക്കുമ്പോഴും ഏത് നല്ല കാര്യം ചെയ്യുമ്പോഴും വിഘ്നേശ്വരനെ പ്രാർഥിക്കാറുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുപ്പള്ളിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘നിങ്ങൾ ഈ വാർത്ത കണ്ടിരുന്നോ? ലൂണ താഴെ വീണു. റഷ്യൻ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണുവെന്നാണ് ഇപ്പോൾ വാർത്ത വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ബഹികാശ പേടകം ചന്ദ്രനിൽ കാലുകുത്തുകതന്നെ ചെയ്യുമെന്നാണ് ലോകത്തിലെ മുഴുവന്‍ ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്. നാം ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കൾ വിക്ഷേപിക്കുമ്പോഴും, ഏത് നല്ലകാര്യം ചെയ്യുമ്പോഴും വിഘ്നേശ്വരനെ പ്രാർഥിക്കുകയും നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു.

ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചെയ്യുന്നത്. അങ്ങനെയുള്ള ഭഗവാൻ വിഘ്നേശ്വരനെ, കോടാനുകോടി വരുന്ന ഹിന്ദുസമൂഹത്തിന്റെ എല്ലാമെല്ലാമായ വിഘ്നേശ്വരനെ വെറുമൊരു മിത്താണ് എന്ന് ഭരണഘടനാ പദവിയിൽ ഇരിക്കുന്നൊരാൾ പറഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീറിനെക്കൊണ്ട് പരാമർശം പിൻവലിപ്പിക്കാൻ സിപിഎം തയാറായില്ല. പ്രതിപക്ഷം തിരുത്തിക്കാനും തയാറായില്ല. വിശ്വാസി സമൂഹം ഒന്നായി ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരാണ്’’– സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ കള്ളപ്പണക്കാരായ കച്ചവടക്കാരെല്ലാം കോടികളാണ് ഇടത്-വലത് മുന്നണികൾക്ക് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടിക്കണക്കിന് രൂപയാണ് ഇരു മുന്നണികൾക്കും ലഭിക്കുന്നത്. മാവേലി സ്‌റ്റോറിലും സപ്ലൈകോയിലും സാധനങ്ങൾ ഇല്ലെങ്കിലും മുഖ്യമന്ത്രിക്കും മകൾക്കും പരിവാരങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കും കോടിക്കണക്കിന് രൂപ മാസപ്പടിയായി കിട്ടുന്നുണ്ട്. ഭരിക്കുന്ന പാർട്ടിയ്‌ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നാൽ പ്രതിപക്ഷം എന്ത് പറയും എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ, ഭൂതം നിധി കാക്കുന്ന പോലെ പിണറായി വിജയനും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിനുള്ളത്.

വി.ഡി സതീശൻ എന്ന് പറഞ്ഞാൽ മച്ചാ, മച്ചാ ആണ്. പിണറായി വിജയനും വി.ഡി സതീശനും ഭായി, ഭായി. മാസപ്പടി വിവാദം കേരളാ നിയമസഭയിൽ ഉന്നയിക്കാനുള്ള ഒന്നാന്തരം അവസരം വി.ഡി സതീശൻ തകർത്തു കളഞ്ഞു. നിയമസഭയിൽ അദ്ദേഹം ഉന്നയിച്ചില്ല. എല്ലാ അഴിമതികളും മൂടി വെയ്‌ക്കുന്ന, സർക്കാരിന്റെ അഴിമതിക്ക് കാവൽ നിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം. പുതുപ്പള്ളിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യാജ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ രണ്ട് പാർട്ടികൾ ഇവിടെ പരസ്പരം മത്സരിക്കുകയാണ്.

ഐ.എൻ.ഡി.ഐ.എ മുന്നണി രൂപികരിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ അവരുടെ രണ്ട് ഘടക കക്ഷികൾ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. കോൺഗ്രസ് പാർട്ടിക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിലെ ജനങ്ങളോട് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല. കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കാൻ കാരണക്കാരായ രണ്ട് മുന്നണികളാണ് ഇപ്പോൾ വികസനത്തെപ്പറ്റി പറയുന്നത്. പച്ചക്കള്ളം പറയാൻ ഒരു ലജ്ജയുമില്ലാത്ത രണ്ട് മുന്നണികൾ. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളാണ് നരേന്ദ്രമോദി സർക്കാർ കേരളത്തിന് വേണ്ടി നൽകിയത്. ഇത് തള്ളിക്കളയാൻ ഇവിടുത്തെ ഇടത് വലത് മുന്നണികൾക്ക് സാധിക്കില്ല- കെ.സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button