അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിട്ടത് പണം കുത്തിനിറച്ച നാലു കാറുകളുടെ അകമ്പടിയോടെ
കാബൂള്‍:പാലായനം ചെയ്ത് അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിട്ടത് പണം കുത്തിനിറച്ച നാലു കാറുകളുടെ അകമ്ബടിയോടെയെന്ന് വെളിപ്പെടുത്തല്‍. റഷ്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥയുടേതാണ് വെളിപ്പെടുത്തല്‍. താലിബാനു മുന്നില്‍ അഫ്‌ഗാന്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പതനം വെളിവാക്കുന്ന രീതിയിലായിരുന്നു പ്രസിഡന്റ് അഷ്റഫ് ഘനിയുടെ പാലായനമെന്ന് എംബസി ഉദ്യോഗസ്ഥ പറഞ്ഞു.
ഘനി കയറിയ കാറിനു പുറമേ നാലു കാറുകളില്‍ കൂടി നിറയേ പണം കുത്തിനിറച്ച് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രക്ഷപ്പെട്ട ഘനിക്കും കൂട്ടര്‍ക്കും പക്ഷേ ഹെലികോപ്ടറില്‍ ആ പണം മുഴുവനും നിറയ്ക്കുവാന്‍ സാധിച്ചില്ല. കൊണ്ടുപോയതിന്റെ പകുതി പണവും ഹെലിപാഡില്‍ ചിതറികിടക്കുന്നതു കാണാന്‍ സാധിക്കുമായിരുന്നെന്ന് റഷ്യന്‍ ഉദ്യോഗസ്ഥ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട ശേഷം താജിക്കിസ്ഥാനിലേക്ക് കടക്കാനായിരുന്നു ഘനിയുടെ ആദ്യ പദ്ധതി. എന്നാല്‍ താജിക്കിസ്ഥാന്‍ പ്രവേശന അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഘനിക്ക് താത്കാലികമായി ഒമാനില്‍ അഭയം തേടേണ്ടി വന്നു. നിലവില്‍ ഒമാനില്‍ കഴിയുന്ന ഘനി എത്രയും വേഗം അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.