തത്സമയ സംസ്ക്കാരം?പോരാളികളെ പുട്ടിൻ ‘ഭസ്മീകരിക്കുന്നു’യുദ്ധഭൂമിയിൽ മൊബൈൽ ക്രിമറ്റോറിയം
മോസ്കോ: യുദ്ധത്തിൽ കൊല്ലപ്പെടുന്ന തങ്ങളുടെ സേനാംഗങ്ങളെ അവിടെത്തന്നെ ഭസ്മീകരിക്കുകയാണോ റഷ്യ? യുദ്ധത്തിനിടെ കൊല്ലപ്പെട്ടാൽ തങ്ങളെ ബാഷ്പീകരിച്ചു കളയാൻ കെൽപുള്ള യന്ത്രം പിന്നാലെ വരുന്നുണ്ട് എന്ന അറിവോടെയാണോ റഷ്യൻ ഭടന്മാർ യുദ്ധഭൂമിയിലേക്കു പോകുന്നത്.
ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന ഈ ചോദ്യം റഷ്യയ്ക്കു നേരെ ഉയരുകയാണ്. യുക്രെയ്നിലേക്ക് പട്ടാളത്തെ മാത്രമല്ല, അകമ്പടിയായി മൊബൈൽ ക്രിമറ്റോറിയം കൂടി അയച്ചിരിക്കുകയാണ് വ്ലാഡിമിർ പുട്ടിൻ എന്നാണ് വെളിപ്പെടുത്തൽ. പുട്ടിൻ എന്ന ഏകാധിപതി സ്വന്തം നാട്ടുകാരെ ഭയപ്പെടാൻ തുടങ്ങിയതിന്റെ സൂചനയായി ഇതിനെ കാണുന്നു. ശവപ്പെട്ടികൾ വരാൻ തുടങ്ങിയാൽ റഷ്യയിൽ ജനങ്ങൾ പുട്ടിനു നേരെ തിരിയും. ഇപ്പോൾ തന്നെ യുക്രെയ്നിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ വലിയ ജനരോഷമാണ് റഷ്യയിൽ ഉണ്ടായിട്ടുള്ളത്. എത്ര റഷ്യൻ ഭടന്മാർ കൊല്ലപ്പെട്ടു എന്ന കാര്യം പേടിച്ച് ഇക്കാര്യം മറച്ചുവയ്ക്കുകയാണ് സർക്കാർ.
മൊബൈൽ ക്രിമറ്റോറിയം അയച്ചതിന്റെ ചിത്രങ്ങൾ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. മുൻ സൈനികൻ കൂടിയായ ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ഈ സ്തോഭജനകമായ വാർത്തയെപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്: എന്റെ ജനറലിന് എന്നിൽ വിശ്വാസമേയില്ല എന്നു വരികയും യുദ്ധഭൂമിയിലേക്ക് മൊബൈൽ ക്രിമറ്റോറിയവുമായി വരികയും ചെയ്താൽ എങ്ങനെയുണ്ടാവും? കൊല്ലപ്പെടുന്നത് ഒളിപ്പിച്ചുവയ്ക്കാൻ മൊബൈൽ ക്രിമറ്റോറിയമാണ് നല്ലതെന്ന് കരുതുന്നതിനെ ഒരു സേനാംഗത്തിന്റെ അമ്മയോ അച്ഛനോ എങ്ങനെ കാണും? അങ്ങേയറ്റം ദുഃഖകരമാണിത്. സ്വന്തം ഭടന്മാരെ റഷ്യ എത്ര നിസ്സാരമായാണ് കാണുന്നതെന്നതിന്റെ സൂചനയാണിത്.
മൊബൈൽ ക്രിമറ്റോറിയം 2013ലാണ് റഷ്യ പരീക്ഷിച്ചത്. മരിച്ച സൈനികരുടെ മാതാപിതാക്കൾക്ക് മകന്റെ സംസ്കാരം നടത്താനുള്ള അവസരമെങ്കിലും നൽകണമെന്നും അതിന് റെഡ്ക്രോസ് ഇടപെട്ട് മൃതദേഹങ്ങൾ തിരിച്ചയയ്ക്കണമെന്നുമാണ് യുക്രെയ്ൻ ആവശ്യപ്പെടുന്നത്. കൊല്ലപ്പെട്ട റഷ്യക്കാരുടെ വിവരങ്ങൾ കൈമാറുന്നതിന് വെബ്സൈറ്റും യുക്രെയ്ൻ തുടങ്ങി.
അതിനിടെ ആണവായുധങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകിയ റഷ്യയുടെ നീക്കത്തെ അപലപിച്ച് യുഎസ്. യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് റഷ്യയുടെ ശ്രമമെന്നു യുഎസ് അംബാസഡർ ലിൻഡ് തോമസ് ഗ്രീൻഫീൽഡ് അറിയിച്ചു.
‘ഒരിക്കലും സ്വീകര്യമല്ലാത്ത രീതിയിൽ യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് പ്രസിഡന്റ് പുട്ടിൻ ശ്രമിക്കുന്നത്. ഏറ്റവും ശക്തമായിത്തന്നെ പുട്ടിന്റെ പ്രവർത്തനങ്ങൾ തടയുന്നത് തുടരേണ്ടത് അത്യാവശ്യമാണ്.’– ലിൻഡ് പറഞ്ഞു. റഷ്യ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്ന് യുക്രെയ്നും പ്രതികരിച്ചു.
അതിനിടെ റഷ്യൻ വിമാനങ്ങൾക്ക് യുറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തി. റഷ്യൻ ഉടമസ്ഥതയിലുള്ളതും റഷ്യയിൽ റജിസ്റ്റർ ചെയ്തതും റഷ്യൻ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയർക്രാഫ്റ്റുകൾക്കും നിരോധനം ഏർപ്പെടുത്തുന്നതായി യുറോപ്യൻ യൂണിയൻ അറിയിച്ചു. റഷ്യൻ മാധ്യമങ്ങൾക്കും ഇയു രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തും.
യുക്രൈനിൽ (ukraine)റഷ്യൻ (russia)ആക്രമണം രൂക്ഷമായി തുടരുകയാണ്. തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് (air strikes)മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.
പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു.
ആൾബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നിൽ ഒന്നുമല്ല യുക്രൈൻ. എന്നിട്ടും അവർ ചെറുത്തുനിൽക്കുകയാണ്. പൊതുജനം ആയുധം കയ്യിലെടുത്തിരിക്കുന്നു. മൊളട്ടോവ് കോക്ക്ടൈലെന്ന് വിളിക്കുന്ന പെട്രോൾ ബോംബുകളാണ് സാധാരണക്കാരുടെ പ്രധാന ആയുധങ്ങളിലൊന്ന്. പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയിൽ നിറച്ചുണ്ടാക്കുന്ന ബോംബ് ആണിത്. ഉണ്ടാക്കാനെളുപ്പമാണ് എങ്ങനെയുണ്ടാക്കണമെന്ന് നാട്ടുകാരെ മുഴുവൻ പഠിപ്പിക്കുകയാണ് യുക്രൈനിപ്പോൾ. പ്രയോഗം സിമ്പിളാണ്. ശത്രുവിനെ കാണുമ്പോൾ തിരി കത്തിക്കുക എറിയുക. കുപ്പിച്ചില്ല് പൊട്ടുമ്പോൾ അകത്തെ ദ്രാവകത്തിന് തീ പിടിക്കും, വീഴുന്നിടം കത്തും. മാരകായുധം തന്നെയാണ് മൊളട്ടോവ് കോക്ക്ടൈൽ.
റഷ്യ യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യു എൻ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ, യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ച ചെയ്യും. യുക്രൈൻ ജനത നേരിടുന്ന മാനുഷിക പ്രശ്നങ്ങളും ചർച്ചയാകും. ഇന്ന് രാത്രിയോടെയാണ് യോഗം ചേരുക. റഷ്യ യുക്രൈൻ വിഷയം യു എൻ പൊതുസഭയിൽ ചർച്ചക്ക് കൊണ്ടുവരണമോ എന്ന് തീരുമാനിക്കാൻ സുരക്ഷാ സമിതി ഇന്നലെ യോഗം ചേർന്നിരുന്നു. ഇന്ത്യയും ചൈനയും യു എ ഇയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. റഷ്യ എതിർത്ത് വോട്ട് ചെയ്തു.
റഷ്യക്ക് മേൽ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിലക്ക് ഏപ്പെടുത്തി. റഷ്യൻ മാധ്യമങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ സെൻട്രൽ ബാങ്കുമായുള്ള ഇടപാടുകളും വിലക്കി. റഷ്യയോട് സഹകരിക്കുന്ന ബലാറൂസിനെതിരെയും ഉപരോധം പ്രഖ്യാപിച്ചു. യുക്രൈന് ആയുധങ്ങൾ കൈമാറാനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തീരുമാനിച്ചു.
യുക്രൈൻ അധിനിവേശത്തിനെതിരെ ഇന്നും റഷ്യയിൽ പ്രതിഷേധം ഉയരുകയാണ്. സെന്‍റ് പീറ്റേഴ്സ് ബർഗിൽ 200ൽ അധികം പേരാണ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തുചേർന്നത്. സുരക്ഷാ സേന ഇവരെ കസ്റ്റഡിയിൽ എടുത്തു.
അതിനിടെ യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള ഓപ്പറേഷൻ ഗംഗ രക്ഷാപ്രവർത്തനം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. മൂന്ന് ദിവസത്തിനകം ഏഴ് വിമാനങ്ങൾ കൂടി മിഷന്‍റെ ഭാഗമാകും. ഇന്ന് ഹംഗറിയിലേക്കും റൊമേനിയിലേക്കും ഒരോ വിമാനങ്ങൾ തിരിക്കും. ഇൻഡിഗോ വിമാനങ്ങളും മിഷന്‍റെ ഭാഗമാകും. കിഴക്കൻ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കാനുള്ള നടപടികൾക്കാണ് വിദേശകാര്യ മന്ത്രാലയം ഊന്നൽ നൽകുന്നത്. റഷ്യ, ഉക്രൈയൻ അംബാസിഡർമാരുമായി വിദേശകാര്യ സെക്രട്ടറി സംസാരിച്ചു. ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന മേഖലകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറി. അതെസമയം സൈനിക നടപടികൾ അവസാനിക്കാതെ അതിർത്തി തുറക്കില്ലെന്നാണ് റഷ്യൻ നിലപാട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി
റഷ്യയുടെ യുക്രൈൻ അധിവേശത്തിനിടെ,ലോകത്തെ ഏറ്റവും വലിയ ചരക്കു വിമാനവും കത്തി നശിച്ചു.ഹോസ്റ്റോമൽ വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കെ ആയിരുന്നു റഷ്യയുടെ ആക്രമണം.
ആന്റനോവ് എഎൻ 225 മരിയ.32 ടയറുകൾ. ആറ് എഞ്ചിനുകൾ.ഭീമൻ ചിറകുകൾ. യുക്രൈന്റെ അഭിമാനമായ, ഏറ്റവും കൂടുതൽ ഭാരമുള്ള ,ഏറ്റവും വലിയ ചരക്കു വിമാനവും റഷ്യൻ അധിവേശത്തിൽ ചരിത്രമായി.കീവിലെ ഹോസ്റ്റോമല്‍ വിമാനത്താവളത്തിൽ റഷ്യൻ കോപ്റ്ററുകളുടെ ആക്രമണത്തിലാണ് ഭീമൻ വിമാനം, കത്തിയമർന്നത്.യുക്രൈനിലെ ആന്റനോവ് എയർലെൻസാണ് ഉടമകൾ.
1988ലാണ് ആന്റനോവ് ആദ്യമായി പറന്നത്.അടിയന്തര ഘട്ടങ്ങളിൽ സഹായച്ചിറകുവിരിച്ച്,പലനാടുകളിൽ പറന്നെത്തി.കൊവിഡ് കാലത്ത് ചൈനയുടെ സഹായവുമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുതിച്ചു.മ്രിയ എന്നൊരു വിളിപ്പേരുകൂടിയുണ്ട് ഈ വിമാനത്തിന്. അർത്ഥം സ്വപ്നം.
ചിറകറ്റുപോയ മ്രിയക്ക് ഇനിയെന്ത് സ്വപ്നം.