BusinessInternationalNews

Ukraine-Russia war|വാഹന കയറ്റുമതി നിരോധിച്ച് റഷ്യ, വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

മോസ്‌കോ:കാറുകളും വാഹന ഭാഗങ്ങളും ഉള്‍പ്പെടെ 200 ഇനങ്ങളുടെ കയറ്റുമതി നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രെയ്ന്‍ ആക്രമിച്ചതിന് റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ (Ukraine-Russia war) പേരില്‍ രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ഈ നീക്കം. 200 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഒപ്പമാണ് കാറുകളുടെയും ഓട്ടോ പാര്‍ട്‌സുകളുടെയും കയറ്റുമതിയും നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനം വരും ദിവസങ്ങളില്‍ വാഹന നിര്‍മ്മാതാക്കള്‍ നേരിടുന്ന അര്‍ദ്ധചാലക പ്രതിസന്ധി കൂടുതല്‍ വഷളാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം റഷ്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.

കാര്‍, ഓട്ടോ പാര്‍ട്സ് കയറ്റുമതിക്ക് റഷ്യ ഏര്‍പ്പെടുത്തിയ വിലക്ക് ഈ വര്‍ഷം അവസാനം വരെ തുടരും. റഷ്യയുടെ കയറ്റുമതി പട്ടികയില്‍ നിന്ന് നീക്കം ചെയ്ത ഇനങ്ങളില്‍ വാഹനങ്ങള്‍, ടെലികോം, മെഡിക്കല്‍, കാര്‍ഷിക, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, തടി എന്നിവ ഉള്‍പ്പെടുന്നു. ‘റഷ്യയ്ക്കെതിരെ ശത്രുതാപരമായ നടപടികള്‍ കൈക്കൊള്ളുന്ന സ്ഥലങ്ങളിലേക്ക് നിരവധി തരം ഉല്‍പന്നങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു..’ എന്ന് മോസ്‌കോ വ്യാഴാഴ്ച പറഞ്ഞു.

‘റഷ്യയ്ക്കെതിരെ ചുമത്തിയ ഉപരോധങ്ങള്‍ക്കുള്ള യുക്തിസഹമായ പ്രതികരണമാണ് ഈ നടപടികള്‍.. ഇവ സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ തടസമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.. ‘ റഷ്യന്‍ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയില്‍ നിന്ന് പിന്‍വാങ്ങിയ പാശ്ചാത്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും ദേശസാത്കരിക്കുമെന്ന റഷ്യയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം . കഴിഞ്ഞ മാസം സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഹോണ്ട , ടൊയോട്ട , ഫോക്സ്വാഗണ്‍ , ജനറല്‍ മോട്ടോഴ്സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ , മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫോര്‍ഡും ബിഎംഡബ്ല്യുവും അവരുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക മാത്രമല്ല, അവരുടെ വാഹനങ്ങള്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു .

ജീപ്പ്, ഫിയറ്റ്, പ്യൂഷോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പായ സ്റ്റെല്ലാന്റിസും വ്യാഴാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതിയും കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു. റഷ്യയിലെ കലുഗയില്‍ സ്റ്റെല്ലാന്റിസിന് മിത്സുബിഷിയുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മ്മാണ പ്ലാന്റ് ഉണ്ട്.

അതേസമയം റഷ്യയിലെ പ്രമുഖ വിദേശ കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ ഹ്യുണ്ടായ്, വിതരണ ശൃംഖലയിലെ തടസം കാരണം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ നോക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, റഷ്യയുടെ കാറുകളുടെയും ഓട്ടോ പാര്‍ട്സുകളുടെയും കയറ്റുമതി നിരോധനം തുടരുകയാണെങ്കില്‍, പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഹ്യുണ്ടായിക്ക് ബുദ്ധിമുട്ടായിരിക്കും.

മറ്റു വാഹന നിര്‍മ്മാണ കമ്പനികളെ പരിശോധിച്ചാല്‍, ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ചൂട് അഭിമുഖീകരിക്കുന്നു. റഷ്യന്‍ വാഹന ഭീമനായ അവ്‌തൊവാസ് നിലവില്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കാളായ റെനോയുടെ കീഴിലാണ്. ലഡ കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനി റഷ്യയിലെ ഏറ്റവും ജനപ്രിയ കാര്‍ ബ്രാന്‍ഡ് കൂടിയാണ്. കമ്പനിയുടെ ഉല്‍പ്പാദനം നിലനിര്‍ത്തുന്നതിന് മൈക്രോചിപ്പുകളുടെ ആഭ്യന്തര വിതരണത്തിനായി നോക്കുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സാമ്പത്തിക ഉപരോധങ്ങള്‍ക്ക് (sanctions) തിരിച്ചടിയായി എതിര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ (Russia). കഴിഞ്ഞ ദിവസം റഷ്യയ്‌ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും (financial year) ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന്‍ പ്രതികരിച്ചു. റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതി വാതകങ്ങളും ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. തങ്ങളും തിരിച്ച് ഉപരോധം ഏര്‍പ്പെടുത്തുന്നത് ഗൌരവമായി ആലോചിക്കുകയാണ് എന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ തുടരാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഏറ്റവും പുതുതായി 14 റഷ്യന്‍ കോടീശ്വരന്മാര്‍ക്ക് ഇയു വിലക്ക് ഏര്‍പ്പെടുത്തി. ഒപ്പം തന്നെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ ബെലറസിന്റെ കേന്ദ്രബാങ്കിന്റെ ഇടപാടുകള്‍ യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചു.

റഷ്യയുടെ റേറ്റിങ് വീണ്ടും താഴ്ത്തി റേറ്റിങ് ഏജന്‍സിയായ ഫിച്ച്. സാന്പത്തിക ഉപരോധങ്ങള്‍ റഷ്യയെ സാരമായി ബാധിച്ചുതുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഫിച്ചിന്റെ തീരുമാനം. വ്യോമയാന,ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബ്രിട്ടന്‍ നിര്‍ത്തി. കൊക്കോകോളയും പെപ്‌സിയും റഷ്യയിലെ വില്‍പന നിര്‍ത്തി. റഷ്യയിലെ സ്റ്റാര്‍ബക്‌സ് കോഫിഷോപ്പുകളും മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകളും അടച്ചു. റോളക്‌സ് വാച്ചുകള്‍ റഷ്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തി. യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ് റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.

ഡോ.റെഡ്ഡീസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് തീരുമാനം. റഷ്യ നിര്‍മിച്ച കോവിഡ് വാക്‌സീനായ സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളാണ് ഡോ.റെഡ്ഡീസ്. മുന്നൂറോളം ഇന്ത്യന്‍ കമ്പനികളാണ് നിലവില്‍ റഷ്യയിലുള്ളത്. ഇവയില്‍ ഏതെങ്കിലും കന്പനി റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker