KeralaNews

കടല്‍ക്ഷോഭം; തിരുവനന്തപുരം വലിയതുറ പാലത്തില്‍ വിള്ളല്‍

തിരുവനന്തപുരം: വലിയതുറ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് കടല്‍ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്.

പലതവണ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച് വരികയായിരുന്നു. വിള്ളല്‍ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഗേറ്റ് പൂട്ടി. സ്ഥലത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.

വലിയതുറ ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ പാലം വളരെ കാലം മുന്‍പേ പ്രസിദ്ധമായിരുന്നു. 1825 ല്‍ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തില്‍ നിര്‍മിച്ചത്. പാലം അപകടാവസ്ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് സന്ദര്‍ശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം പരസ്യപ്പലക സ്ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദര്‍ശകരും മത്സ്യത്തൊഴിലാളികളും പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

തലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്ക്കും കാറ്റിനും ശമനമില്ല. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ തുറക്കാനായി 318 കെട്ടിടങ്ങൾ സജ്ജമാക്കി.

തിരുവനന്തപുരം താലൂക്കിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 184 പേരെ മാറ്റി പാർപ്പിച്ചു. പേട്ട സെന്റ് റോച്ചസ് സ്‌കൂളിൽ 19 കുടുംബങ്ങളും കഴിയുന്നുണ്ട്. കാലടി ഗവൺമെന്റ് സ്‌കൂളിൽ ആറു കുടുംബങ്ങളിലെ 21 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഠിനംകുളത്ത് 18 കുടുംബങ്ങളിലെ 99 പേരെ മാറ്റി പാർപ്പിച്ചു.

ചിറയിൻകീഴിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നെയ്യാറ്റിൻകരയിൽ മൂന്നും. വിഴിഞ്ഞം ഹാർബർ എൽ.പി. സ്‌കൂളിൽ 38 പേരും പൊഴിയൂർ ജി.യു.പി.എസിൽ 13 കുടുംബങ്ങളിലെ 51 പേരെയും മാറ്റി പാർപ്പിച്ചു.
നെയ്യാറ്റിൻകരയിൽ ഒരു വീട് പൂർണമായും 13 എണ്ണം ഭാഗീകമായും തകർന്നു. തിരുവനന്തപുരം താലൂക്കിൽ മൂന്ന്, വർക്കല – 4, നെടുമങ്ങാട് – 9, ചിറയിൻകീഴ് -3 എന്നിങ്ങനെയാണു മറ്റു താലൂക്കുകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker