ആർ.എസ്.എസുകാർ ഇന്ത്യക്കാരല്ലേ? മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്
കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസ് ആര്‍എസ്‌എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ്. ആര്‍.എസ്.എസുകാരും ഇന്ത്യക്കാരല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു.കൊച്ചിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ഗുരൂപൂജ ഗുരു ദക്ഷിണ മഹോല്‍സവത്തില്‍ പങ്കെടുക്കവേയായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരിയും പരിപാടിയില്‍ പങ്കെടുത്തു.
23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് ജേക്കബ് തോമസ് പറഞ്ഞു. ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. ശബരിമലയില്‍ ആര്‍എസ്‌എസുകാര്‍ക്ക് പൊലീസുകാര്‍ വിവരം ചോര്‍ത്തിക്കൊടുത്തു എന്ന് മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗത്തില്‍ സംസാരിച്ചു എന്നാണ് വാർത്തകൾ പുറത്തു വന്നത്. എന്നാൽ മുഖ്യമന്ത്രി പിന്നീട് ഇത് നിഷേധിച്ചിരുന്നു.