ന്യൂഡല്‍ഹി: ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി. കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ഇന്ന് മോഹൻ ഭഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.
“എന്റെ ക്ഷണം സ്വീകരിച്ച് മോഹൻ ഭഗവത് ജി ഇന്ന് എത്തിയിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനം വളരെ നല്ല സന്ദേശമാണ് പകരുക. ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങൾ കരുതുന്നു”. ഉമർ അഹമദ് ഇല്ല്യാസി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഉമർ അഹമദ് ഇല്ല്യാസിയുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം മോഹൻ ഭഗവത് ചർച്ച നടത്തി. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോഹൻ ഭഗവത് മുസ്ലീം നേതാക്കളുമായി ചർച്ച നടത്തുന്നത്. മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ ദില്ലി ഗവർണർ നജീബ് യുങ്, അലിഗഡ് മുസ്ലീം സർവ്വകലാശാല മുൻ ചാൻസിലർ സമീർ ഉദ്ദിൻ ഷാ, മുൻ എംപി ഷാഹിദ് സിദിഖി, ബിസിനസുകാരൻ സയീദ് ഷെർവാണി എന്നിവരുമായാണ് കഴിഞ്ഞയിടക്ക് മോഹൻ ഭഗവത് കൂടിക്കാഴ്ച നടത്തിയത്.
സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനായി എന്നാണ് അന്നത്തെ കൂടിക്കാഴ്ചയെ മോഹൻ ഭഗവത് വിശേഷിപ്പിച്ചത്. പ്രവാചകനിന്ദ, വിദ്വേഷ പ്രസംഗം, ഗ്യാൻവാപി മസ്ജിദ് പ്രശ്നം, വിദ്വേഷ പ്രസംഗത്തിന്‍റെ ഫലമായുണ്ടാകുന്ന സാമുദായിക സംഘര്‍ഷം എന്നിവ ചർച്ച ചെയ്തതായി യോഗത്തിൽ പങ്കെടുത്ത ഒരു അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗഹാർദ്ദപരമെന്നാണ് ആര്‍എസ്എസ് മേധാവി വിളിച്ച യോഗത്തെ എസ് വൈ ഖുറൈഷി നേരത്തെ വിശേഷിപ്പിച്ചത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാൻ മുന്നോട്ട് പോകണം, ഈ ഭിന്നത പരിഹരിക്കാൻ ഇരു സമുദായങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആർഎസ്എസ് മേധാവി പറഞ്ഞതായും യോഗത്തിന് ശേഷം എസ് വൈ ഖുറൈഷി പറഞ്ഞിരുന്നു.
ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ നേരിൽപോയിക്കണ്ട മുസ്ലീം നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. ആ നേതാക്കൾ വരേണ്യവർഗത്തിൽ നിന്നുള്ളവരാണെന്നും അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവരാണെന്നും ഒവൈസി വിമർശിച്ചു. കഴിഞ്ഞ മാസമാണ് അഞ്ച് നേതാക്കൾ മോഹൻ ഭഗവതിനെ പോയി കണ്ടത്.
“അവർ പോയി അദ്ദേഹത്തെ കണ്ടു. ആർഎസ്എസിന്റെ ആശയസംഹിത എന്താണെന്ന് ലോകത്തിന് മുഴുവൻ അറിയാം. എന്നിട്ടും അവർ പോയി കണ്ടു. വരേണ്യവർഗമായതിനാൽ അവരെന്ത് തന്നെ ചെയ്തെങ്കിലും അത് സത്യമാണ്. പക്ഷേ, ആശയപരമായ അവകാശങ്ങൾ സംബന്ധിച്ച് നമ്മൾ രാഷ്ട്രീയപോരാട്ടം തുടരുമ്പോൾ ഈ കൂടിക്കാഴ്ചയെ നല്ലതെന്ന് കരുതാനാവില്ല”. ഒവൈസി പറഞ്ഞു.
“ഈ വരേണ്യവർഗം വളരെ വിവരമുള്ളവരാണ്. പക്ഷേ, അവർക്ക് അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങളെപ്പറ്റി ഒന്നുമറിയില്ല. അവർ സുഖസൗകര്യങ്ങളിൽ ജീവിക്കുകയും ആർഎസ്എസ് മേധാവിയെ പോയി കാണുകയും ചെയ്യുന്നു. അത് അവരുടെ ജനാധിപത്യ അവകാശമാണ്, സമ്മതിക്കുന്നു. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല, പക്ഷേ, അവരും ഞങ്ങളെ ചോദ്യം ചെയ്യരുത്.” ഒവൈസി കൂട്ടിച്ചേർത്തു.