
ന്യൂഡല്‍ഹി: എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. തുടര്‍ച്ചയായി പൃഥ്വാരാജിനും സിനിമക്കുമെതിരെ രംഗത്തു വരികയാണ് ഓര്‍ഗനൈസര്‍. വിഷയത്തില്‍ സിനിമയില്‍ 17 ഭാഗങ്ങള്‍ വെട്ടിമാറ്റി വിവാദം തീര്‍ക്കാന്‍ ശ്രമിക്കവേയാണ് ഓര്‍ഗനൈസര്‍ വീണ്ടും കടുപ്പിക്കുന്നത്.
ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന് എന്നാണ് ഓര്‍ഗനൈസര്‍ പുതിയ ലേഖനത്തില്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ്. ചിലരെ അറസ്റ്റ് ചെയ്തപ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തും പിന്തുണച്ചു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ക്ക് മൗനമാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്‌റംഗ് ബലി എന്ന് നല്‍കിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ മോഹന്‍ലാലിന്റെ ഖേദപ്രകടനം റിപ്പോര്‍ട്ട് ചെയ്തുള്ള ആര്‍എസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസവും എമ്പുരാന്‍ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു.
രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനാണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദ് എന്നത് ഭീകരവാദ സംഘടനയുടെ നേതാവിന്റെ പേരാണ്. അത് മനഃപൂര്‍വമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.
എമ്പുരാന്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നേരത്തെയും ഓര്‍ഗനൈസര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നുമായിരുന്നു ഓര്‍ഗനൈസറിന്റെ വിമര്‍ശനം.
അതേസമയം സംഘപരിവാര്‍ ഭീഷണിക്ക് പിന്നാലെ റീഎഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്നു വൈകിട്ട് മുതല്‍ തിയറ്ററുകളില്‍ എത്തും. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം അടക്കം മൂന്നു മിനിറ്റ് നേരമാണ് സിനിമയില്‍ നിന്ന് കട്ട് ചെയ്തിരിക്കുന്നത്. വില്ലന്റെ പേരിലും മാറ്റം ഉണ്ടെന്നാണ് സൂചന.
സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ തിരുത്തലുകള്‍ വരുത്തിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റീ സെന്‍സേര്‍ഡ് എമ്പുരാന്‍ ഇന്ന് മുതല്‍ തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തേ ലഭിച്ച വിവരം. മൂന്ന് മിനുട്ട് ഭാഗമാണ് ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയത്. എന്നാല്‍, നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള 17 വെട്ടുകള്‍ ഇല്ലെന്ന് സൂചനയുണ്ട്. ഉടന്‍ റീ എഡിറ്റ് നിര്‍ദേശം നല്‍കിയത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണ് എന്നാണ് സൂചന.
വിദേശ കളക്ഷനില്‍ നിന്ന് 10 മില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍. ഈ സന്തോഷം മോഹന്‍ലാല്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടു ദിവസങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രധാന കഥാപാത്രമായ മോഹന്‍ലാല്‍ തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ വിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ടെന്ന് നടന്‍ അറിയിച്ചു. സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കുമെന്നും താരം അറിയിച്ചു. സംവിധായകന്‍ പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയറും ചെയ്തു.
എമ്പുരാന്‍ സിനിമയ്ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ അണിയറ പ്രവര്‍ത്തകരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജ്യം കണ്ട വലിയ വംശഹത്യ ചിത്രീകരിച്ചതിന്റെ പേരില്‍ കലാകാരന്മാരെ നീചമായി ആക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമക്കെതിരായ സംഘപരിവാര്‍ ആക്രമണങ്ങളെ പ്രതിപക്ഷ നേതാവും അപലപിച്ചു.